ശ്വാസകോശാര്‍ബുദ ചികിത്സയില്‍ സംയുക്ത മരുന്ന് പരീക്ഷണം; 40 ശതമാനത്തിലധികം ഫലപ്രാപ്തിയെന്ന് ഗവേഷകര്‍

ശ്വാസകോശാര്‍ബുദ ചികിത്സയില്‍ കൂടുതല്‍ ഫലപ്രാപ്തി ലഭിക്കുന്ന മരുന്നു പരീക്ഷണവുമായി ഗവേഷകര്‍. സാധാരണ ചികിത്സയെക്കാള്‍ 40 ശതമാനത്തിലധികം ഫലം ഒരു പുതിയ മരുന്ന് സംയോജനം കാണിക്കുന്നതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ശ്വാസകോശാര്‍ബുദമാണ് ലോകത്തിലെ കാന്‍സര്‍ മരണത്തിന്റെ പ്രധാന കാരണം. പ്രതിവര്‍ഷം 1.8 ദശലക്ഷം മരണങ്ങളാണ് ശ്വാസകോശാര്‍ബുദത്താല്‍ സംഭവിക്കുന്നത്. രോഗത്തിന്റെ അതിജീവന നിരക്കും കുറവാണ്.

അമിവന്റമാബ്, ലാസര്‍ട്ടിനിബ് എന്നിവയുടെ സംയോജനം കഴിച്ച ശ്വാസകോശാര്‍ബുദരോഗികള്‍ ശരാശരി 23.7 മാസത്തിനുശേഷവും രോഗത്തില്‍ പുരോഗതിയില്ലാതെ ജീവിച്ചിരിപ്പുണ്ടെന്ന് ആഗോള പഠനത്തില്‍ നിന്നുള്ള ഡാറ്റ പറയുന്നു. സാധാരണ മരുന്നായ ഒസിമെര്‍ട്ടിനിബ് ഉപയോഗിക്കുന്ന രോഗികളില്‍ പുരോഗതിയില്ലാത്ത അതിജീവനം ശരാശരി 16.6 മാസമാണ്.

ശ്വാസകോശാര്‍ബുദത്തെ നയിക്കുന്ന ജീവശാസ്ത്രത്തെക്കുറിച്ചുള്ള മികച്ച ധാരണയാണ് ഈ ടാര്‍ഗെറ്റുചെയ്ത ചികിത്സകളുടെ വികാസത്തിലേക്ക് നയിച്ചതെന്ന് യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റും യുകെയിലെ ട്രയലിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമായ പ്രൊഫ മാര്‍ട്ടിന്‍ ഫോര്‍സ്റ്റര്‍ പറഞ്ഞു. ഈ പുതിയ കോംപിനേഷന്‍ ഒസിമെര്‍ട്ടിനിബിനേക്കാള്‍ ദൈര്‍ഘ്യമേറിയ അര്‍ബുദ നിയന്ത്രണം കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2020 നും 2022 നും ഇടയില്‍ നടന്ന മൂന്നാം ഘട്ട പരീക്ഷണത്തില്‍ യുകെ, യുഎസ്, ഓസ്ട്രേലിയ, ഫ്രാന്‍സ്, ബ്രസീല്‍, ഇന്ത്യ, ചൈന എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് 1,074 രോഗികള്‍ പങ്കെടുത്തു. ഇവരെല്ലാം രോഗത്തിന്റെ ഏറ്റവും സാധാരണമായ രൂപമായ നോണ്‍-സ്‌മോള്‍ സെല്‍ ലങ് കാന്‍സര്‍ ബാധിതരായിരുന്നു.

മറ്റ് തരത്തിലുള്ള രോഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്റെ അതിജീവന നിരക്ക് ഇപ്പോഴും വളരെ കുറവാണ്. അതിനാല്‍ ഇത്തരം നല്ല ഫലങ്ങള്‍ കാണുന്നത് സ്വാഗതാര്‍ഹമായ സംഭവമാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. ഓഗസ്റ്റില്‍, യുഎസിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഈ മരുന്ന് സംയോജനത്തിന് അംഗീകാരം നല്‍കി. ഭാവിയില്‍ നോണ്‍-സ്‌മോള്‍ സെല്‍ ലങ് കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുമെന്ന് പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*