
കോവിഡ്-19 ബാധിച്ചവര്‍ക്ക് ജലദോഷത്തിന്‌റെ ചില വകഭേദങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവാണെന്ന പഠനവുമായി ഗവേഷകര്‍. ഏകദേശം അയ്യായിരത്തോളം പേരിലെ കോവിഡ്-19 പിസിആര്‍ പരിശോധന നിരീക്ഷിച്ചതില്‍ രോഗബാധിതരായവര്‍ക്ക് കൊറോണ വൈറസ് കാരണമുണ്ടാകുന്ന ജലദോഷം പിടിപെടാനുള്ള സാധ്യത, രോഗം പിടിപെടാത്തവരും വാക്‌സിന്‍ സ്വീകരിച്ചവരുമായി താതരമ്യം ചെയ്യുമ്പോള്‍ 50 ശതമാനം കുറവായിരുന്നു.
ഭാവിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ളതായി ജേണല്‍ സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഡോ. മനീഷ് സാഗര്‍ പറയുന്നു. സ്വാഭാവിക അണുബാധ നല്‍കുന്ന രോഗപ്രതിരോധ പ്രതികരണം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ വാക്‌സിനുകള്‍ മെച്ചപ്പെടുത്താമെന്ന് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ കൂടിയായ മനീഷ് പറയുന്നു.
കൊറോണ വൈറസ് കാരണമുണ്ടാകുന്ന ജലദോഷത്തില്‍നിന്നുള്ള സംരക്ഷണത്തെ രണ്ട് നിര്‍ദിഷ്ട വൈറല്‍ പ്രോട്ടീനുകള്‍ക്കുള്ള വൈറസിനെ കൊല്ലുന്ന കോശപ്രതികരണങ്ങളുമായി ഗവേഷകര്‍ ബന്ധപ്പെടുത്തി. ഈ പ്രോട്ടീനുകള്‍ മിക്ക വാക്‌സിനുകളിലും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഇവ കൂടി ചേര്‍ക്കാന്‍ ഗവേഷകര്‍ നിര്‍ദേശിക്കുന്നുണ്ട്.
ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ വരെ സൃഷ്ടിക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. HCoV-229E, HCoV-NL63, HCoV-OC43, HCoV-HKU1എന്നീ കൊറോണ വൈറസ് ജലദോഷം പോലെ ചെറിയ ശ്വാസകോശപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, ചെറിയ പനി തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമേ ഇവ സൃഷ്ടിക്കുന്നുള്ളു. ഈ കൊറോണ വൈറസുകള്‍ രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും ചുമയ്ക്കുന്നതിലൂടെയും മറ്റും പുറത്തുവരുന്ന ഡ്രോപ്ലെറ്റുകളിലൂടെയുമാണ് പകരുന്നത്. ഇവ രോഗം ഗുരുതരമാക്കാറില്ലെങ്കിലും പ്രതിരോധ ശക്തി കുറഞ്ഞവരിലും മുതിര്‍ന്ന ആളുകളിലും സാധാരണക്കാരെക്കാള്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. വ്യക്തിശുചിത്വം പാലിക്കുകയും രോഗബാധിരുമായുള്ള അടുത്ത് ഇടപഴകലുകള്‍ ഒഴിവാക്കുകയുംവഴി രോഗം പ്രതിരോധിക്കാനാകും. എന്നാല്‍ മെര്‍സ്, സാര്‍സ് തുടങ്ങി ഒരാളെ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിടുന്ന കൊറോണ വൈറസുകളുമുണ്ട്.
ജലദോഷത്തിന്‌റെ ഏറ്റവും സാധാരണമായ കാരണം റൈനോവൈറസുകളാണ്. പകുതിയിലധികം ജലദോഷ കേസുകള്‍ക്കു പിന്നിലും ഈ വൈറസാണ് വില്ലനാകുന്നത്. ഇവ ഗുരുതരവാസ്ഥയിലേക്ക് രോഗികളെ എത്തിക്കാറില്ല. വിട്ടുമാറാത്ത ശ്വാസകോശപ്രശ്‌നങ്ങളോ ആസ്മയോ പോലുള്ളവരില്‍ മാത്രമേ റൈനോവൈറസ് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ളൂ.
Be the first to comment