അഗ്നിവീർ സൈനികർക്ക് സർക്കാർ ജോലികളിൽ സംവരണം; പ്രഖ്യാപനവുമായി അഞ്ച് സംസ്ഥാനങ്ങൾ

അഗ്നിവീർ സൈനികർക്ക് വിവിധ സർക്കാർ വകുപ്പുകളിലും പോലീസിലും സംവരണം പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങൾ. ബിജെപി ഭരണക്കുന്ന ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് വെള്ളിയാഴ്ച, കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് തൊഴിൽ സംവരണം നൽകാനുള്ള തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യുപി പോലീസ്, പിഎസി സേനകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റിൽ അഗ്‌നിവീറുകൾക്ക് വെയിറ്റേജ് നൽകുമെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്.

ഉത്തർപ്രദേശും ഉത്തരാഖണ്ഡും അഗ്നിവീറുകൾക്ക് സംവരണവും ഉത്തരാഖണ്ഡ് സർക്കാർ ജോലികളിൽ ക്വാട്ടയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടത്തിയ പ്രസംഗത്തിൽ അഗ്നിവീർ പദ്ധതിക്കെതിരായ രൂക്ഷ വിമർശനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയിരുന്നു. അതിനുപിന്നാലെയാണ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാരുകൾ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

അഗ്നിവീർ പദ്ധതി സൈന്യത്തെ സദാ യുദ്ധസജ്ജമാക്കി നിർത്തുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. അതേസമയം, മോദിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.

അഗ്നിപഥ് സ്കീമിന് കീഴിൽ, കരസേനാ-വ്യോമസേനാ-നാവികസേന എന്നിവയിലേക്ക് നാല് വർഷത്തേക്കാണ് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്. 2022-ൽ ബിജെപി സർക്കാർ നടപ്പിലാക്കിയ പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികളിൽ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*