
കാനറ ബാങ്കിന് 2.92 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐ മെയ് 12ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാനറ ബാങ്ക് നിരവധി നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.
ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കുന്നതിനായി ആര്‍ബിഐ വിദഗ്ധ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഈ സൂഷ്മ പരിശോധനയില്‍ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്നും ആർബിഐ പ്രസ്താവനയില്‍ പറഞ്ഞു. ഫ്‌ളോട്ടിംഗ് റേറ്റുമായി റീട്ടെയ്ല്‍ ലോണുകളുടെ പലിശ ബന്ധിപ്പിക്കുന്നതിലും, എംഎസ്എംഇകള്‍ക്കുള്ള വായ്പകളുടെ പലിശ എക്സ്റ്റേണൽ ബെഞ്ച്മാർക്കുകളുമായി ബന്ധിപ്പിക്കുന്നതിലെ ക്രമക്കേടുകളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചതും പുതുക്കിയതുമായ ഫ്‌ളോട്ടിംഗ് റേറ്റ് വായ്പ പലിശ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റുമായി ബന്ധിപ്പിക്കുന്നതിലും ബാങ്ക് വീഴ്ച വരുത്തിയതായി ആര്‍ബിഐ കണ്ടെത്തി.
കൂടാതെ അര്‍ഹതയില്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ നിരവധി സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുറന്നതായും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളില്‍ ഡമ്മി മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തതായും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമിന് കീഴില്‍ സ്വീകരിച്ച നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്നതിലും ബാങ്ക് വീഴ്ച്ച വരുത്തിയെന്നും അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് 24 മാസത്തിനുള്ളില്‍ പിന്‍വലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. കൂടാതെ യഥാര്‍ത്ഥ ഉപയോഗത്തിന്റെ പേരില്‍ അല്ലാതെ ഉപഭോക്താക്കളില്‍ നിന്ന് എസ്എംഎസ് അലേര്‍ട്ട് ചാര്‍ജുകള്‍ ബാങ്ക് ഈടാക്കിയെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇക്കാരണങ്ങള്‍ വ്യക്തമാക്കി ബാങ്കിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നുവെന്നും ആര്‍ബിഐ പറഞ്ഞു. തുടര്‍ന്ന് ബാങ്കിന്റെ മറുപടികള്‍ പരിഗണിച്ച ശേഷമാണ് പിഴത്തുക ചുമത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്. ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് തെളിയിക്കപ്പെട്ടതിന് പിന്നാലെയാണ് പിഴ ചുമത്തിയത്.
Be the first to comment