സൈബർ ആക്രമണങ്ങള്‍ക്ക് സാധ്യത; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ആർബിഐ

രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ക്ക് സൈബർ ആക്രമണ മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. അപകടം ഒഴിവാക്കുന്നതിനായി സജീവമായ സംവിധാനങ്ങളെല്ലാം നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്. 

നിരവധി സൈബർ ആക്രമണങ്ങള്‍ക്ക് പേരുകേട്ട ലുല്‍സെക് ഗ്രൂപ്പ് ഇന്ത്യൻ ബാങ്കുകളെ ലക്ഷ്യമിടുന്നതായാണ് ആർബിഐ പറുന്നത്. ഈ ഗ്രൂപ്പ് ഏറെനാളായി പ്രവർത്തനരഹിതമായിരുന്നു. വീണ്ടും സജീവമായതായാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ബാങ്കുകളുടെ നെറ്റ്‌വർക്ക് പ്രവർത്തനങ്ങളും സെർവർ ലോഗുകളും നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. സുപ്രധാനമായ പണമിടമാട് സംവിധാനങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലർത്താനും ആർബിഐ പറയുന്നു. പ്രത്യേകിച്ചും സ്വിഫ്റ്റ് (അന്താരാഷ്ട്ര പണമിടപാടുകള്‍ക്കായുള്ള മെസേജിങ് സംവിധാനം), കാർഡ് നെറ്റ്‌വർക്കുകള്‍ തുടങ്ങി യുപിഎ സംവിധാനങ്ങള്‍ വരെ നീളുന്നവ.

ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ്) പോലുള്ള ആക്രമണങ്ങളില്‍ നിന്ന് പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇടപെടലുണ്ടാകണമെന്നും ആർബിഐ മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം സൈബർ ആക്രമണങ്ങളില്‍ സാധാരണയായി കണ്ടുവരുന്നത് ബാങ്കിന്റെ സിസ്റ്റം കയ്യടക്കുകയും പണമിടപാട് മുതലുള്ള സംവിധാനങ്ങള്‍ താറുമാറാക്കുകയുമാണ്.

സാമ്പത്തിക മേഖലയ്ക്കെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഫിനാൻഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോർട്ടില്‍ ആർബിഐ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ സൈബർ ആക്രമണങ്ങള്‍ മൂലം പതിനാറായിരം കോടിയിലധികം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

ഒരുവർഷം മുൻപ് സൈബർ ആക്രമണങ്ങളുടെ മുന്നറിയിപ്പ് റെഗുലേറ്ററും സിഇആർടി-ഇന്നും (ദ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം അണ്ടർ ദ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ്) നല്‍കിയിരുന്നതായി മേഖലയുമായി അടുത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ ഫിനാൻഷ്യല്‍ ഡെയിലിയോട് പറഞ്ഞു. ഇത്തരം മുന്നറിയിപ്പുകള്‍ വരുമ്പോള്‍ ബാങ്കുകള്‍ സ്വാഭാവിക നടപടിയെന്നോണം സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാറുണ്ട്, ഇത് തന്നെയാണ് ഇവിടെയും ആവർത്തിക്കുകയെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*