പാലക്കാട് സി.പി.ഐയിൽ വീണ്ടും കൂട്ടരാജി; 20 ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു

പാലക്കാട്: വിഭാഗീയതയിൽ പുകയുന്ന പാലക്കാട് സി.പി.ഐയിൽ വീണ്ടും കൂട്ടരാജി. നെന്മാറ, മണ്ണാർക്കാട്, എലവഞ്ചേരി മണ്ഡലങ്ങളിൽ നിന്ന് 20 ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. മണ്ണാർക്കാട് രണ്ട് ബാങ്ക് ഡയറക്ടർമാരും രണ്ട് പഞ്ചായത്തംഗങ്ങളും രാജിവെച്ചു.

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനെതിരെയും കെ.ഇ ഇസ്മായിൽ പക്ഷത്തിനെതിരെയും ജില്ലാ നേതൃത്വം സ്വീകരിച്ച ഏകപക്ഷീയമായ നിലപാടിലാണ് ജില്ലയിലെ സി.പി.ഐ വിഭാഗീയത ആരംഭിച്ചത്. മണ്ണാർക്കാട് മണ്ഡലത്തിലെ തെങ്കര, കുമരംപുത്തൂർ ലോക്കൽ കമ്മിറ്റികളിലെ ഒമ്പത് ബ്രാഞ്ച് സെക്രട്ടറിമാർ പാർട്ടിയിൽ നിന്നും രാജിവെച്ചു.

രണ്ട് പഞ്ചായത്ത് അംഗങ്ങളും രണ്ട് ബാങ്ക് ഡയറക്ടർമാരും രാജി സമർപ്പിച്ചിട്ടുണ്ട്. നേരത്തെ ജില്ലാ കൗൺസിൽ അംഗം പാലോട് മണികണ്ഠൻ, സീമ കൊങ്ങശ്ശേരി ഉൾപ്പെടെ 13 പ്രവർത്തകർ ജില്ലാ നേതൃത്വത്തിന്റെ നിലപാടുകളോട് കലഹിച്ചു രാജി വെച്ചിരുന്നു. നെന്മാറ ലോക്കൽ സെക്രട്ടറി കെ.ബാലന്ദ്രനും 12 ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരും മണ്ഡലം കമ്മിറ്റിക്ക് രാജി സമർപ്പിച്ചിട്ടുണ്ട്.

റവന്യൂ വകുപ്പിലേയും സിവിൽ സപ്ലൈസിലേയും അഴിമതി ചൂണ്ടിക്കാട്ടിയ എംഎൽഎക്കെതിരെ ജില്ലാ നേതൃത്വം സ്വീകരിച്ച നടപടി വിമർശിച്ച പ്രവർത്തകർ, ജില്ലാ സെക്രട്ടറിക്കെതിരെ നടപടി എടുക്കണമെന്ന നിലപാടിലാണ്. നേതാക്കൾക്കെതിരെയുള്ള അനാവശ്യ നടപടികൾ പിൻവലിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെങ്കിൽ ഉടൻതന്നെ കൂടുതൽ പ്രവർത്തകർ രാജിവെക്കും എന്നാണ് സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*