ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ ഒന്നാം റാങ്കില്‍ സ്ഥാനം നിലനിര്‍ത്തി, ചരിത്ര നേട്ടത്തിനൊപ്പമെത്തി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ. ഏറ്റവും പുതിയ ഐസിസി റാങ്കിങില്‍ താരം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒപ്പം ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനൊപ്പവും താരമെത്തി.
ഇതിഹാസ സ്പിന്നര്‍ ആര് അശ്വിന്റെ റെക്കോര്‍ഡിനൊപ്പമാണ് ബുംറയും പേരെഴുതി വച്ചത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റുകളാണ് ബുംറ ഇത്തവണ കുറിച്ചത്.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ബുംറ 9 വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരത്തിന് 14 റേറ്റിങ് പോയിന്റുകള്‍ അധികമായി ലഭിച്ചു. മൊത്തം 904 പോയിന്റുകളോടെയാണ് താരം ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. രണ്ടാം റാങ്കിലുള്ള കഗിസോ റബാഡയേക്കാള്‍ 48 റേറ്റിങ് പോയിന്റുകളാണ് ബുംറയ്ക്കുള്ളത്.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് മൂന്നാം റാങ്കില്‍. സമീപ കാലത്ത് വിരമിച്ച ആര് അശ്വിനാണ് നാലാം റാങ്കില്‍.
ഇന്ത്യയുടെ രവീന്ദ്ര ജഡേജയ്ക്ക് വന്‍ നഷ്ടം സംഭവിച്ചു. താരം ആറാം സ്ഥാനത്തു നിന്നു നാല് സ്ഥാനമിറങ്ങി പത്തിലേക്ക് വീണു.
Be the first to comment