
ദില്ലി: വിവാഹിതനാവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ 29 കാരനായ മകനെ മുഖത്തും നെഞ്ചിലും കുത്തി പരിക്കേൽപ്പിച്ച് കൊല്ലാൻ പിതാവിനെ പ്രേരിപ്പിച്ചത് ഭാര്യയോടുള്ള പ്രതികാരം. ദില്ലിയിൽ ജിം ട്രെയിനറായ മകനെ നാല് മാസം നീണ്ട പ്ലാനിംഗിന് ശേഷമാണ് 54 കാരനായ പിതാവ് ഫെബ്രുവരി 7 ന് കൊലപ്പെടുത്തിയത്. 15 ലേറെ തവണയാണ് മുഖത്തും നെഞ്ചിലുമായി പിതാവായ റാംഗ് ലാൽ മകനായ ഗൗരവ് സിംഗാളിനെ കുത്തിയത്. ദക്ഷിണ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു ക്രൂരമായ അതിക്രമം നടന്നത്.
കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ 54 കാരനായ റാംഗ് ലാലിനെ ജയ്പൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയോടുള്ള പ്രതികാരമാണെന്ന് വ്യക്തമായതെന്ന് ദില്ലി പോലീസ് വിശദമാക്കുന്നത്. ഫെബ്രുവരി 7 ന് അർധരാത്രിയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ ഗൗരവിനെ കണ്ടെത്തിയത്. ഉടനേ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയുമായും മകനുമായും നല്ല രീതിയിലുള്ള ബന്ധമായിരുന്നില്ല ഇയാൾക്കുണ്ടായിരുന്നത് എന്ന് പോലീസ് പറഞ്ഞു.
Be the first to comment