ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ബലാത്സംഗ കൊലപാതകം: കേസിന്റെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പശ്ചിമ ബംഗാളില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഒരു അഭിഭാഷകന്‍ ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ മണിപ്പൂര്‍ പോലുള്ള കേസുകളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ അതിനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

സിബിഐ ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും സംസ്ഥാന പോലീസിന്റെ കണ്ടെത്തലുകള്‍ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റൊരു അഭിഭാഷകന്‍ വാദിച്ചപ്പോള്‍, തുടരന്വേഷണത്തിന് ഉത്തരവിടാന്‍ വിചാരണാജഡ്ജിക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. വിചാരണാജഡ്ജിയുടെ അധികാരത്തില്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

2024 നവംബര്‍ 4-ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സീല്‍ദാ, പ്രതിയായ സഞ്ജയ് റോയിക്കെതിരെ കുറ്റം ചുമത്തിയെന്നും പ്രോസിക്യൂഷന്‍ തെളിവുകള്‍ തുറക്കുന്നതിനായി നവംബര്‍ 11-ന് കേസ് അടുത്തതായി മാറ്റുമെന്നും സിബിഐ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് സംസ്ഥാനത്തെ ജുഡീഷ്യറിയിലും പോലീസിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ അഭിഭാഷകനെ കോടതി ശാസിച്ചു. ഇത്തരം പൊതു പ്രസ്താവനകള്‍ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി.

ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിച്ച ദേശീയ ടാസ്‌ക് ഫോഴ്സിന്റെ റിപ്പോര്‍ട്ടും ബെഞ്ച് അവലോകനം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കിടയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും അതുവഴി അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഈ നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*