റിഷഭ് പന്ത് റെഡി ഐപിഎല്ലില്‍ കളിക്കും

14 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. താരം കായികക്ഷമത കൈവരിച്ചതായി ബിസിസിഐ അറിയിച്ചു. ഇതോടെ വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ പന്തിന് കളിക്കാനാകും. 2022 ഡിസംബർ 30ന് ഉത്തരാഖണ്ഡിലെ റൂർക്കെയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു റിഷഭ് പന്തിന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. അപകടത്തില്‍ പന്ത് സഞ്ചരിച്ചിരുന്ന വാഹനം പൂർണമായി കത്തി നശിച്ചിരുന്നു.

താരത്തിന്റെ വലതുകാലിന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ബെംഗ്ലൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ശാരീരികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു പന്ത്. അതേസമയം, പരുക്കിനെ തുടര്‍ന്ന് ചികിത്സയില്‍ ഉള്ള പ്രസിദ്ധ് കൃഷ്ണ, ഓപ്പറേഷന് ശേഷം വിശ്രമത്തിലുള്ള മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഐപിഎല്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിട്ടില്ല.

താരം കായികക്ഷമത പൂർണമായും കൈവരിച്ചില്ലെങ്കില്‍ നായകനായിട്ടായിരിക്കില്ല മറ്റൊരു റോളിലായിരിക്കും കളത്തിലെത്തുക എന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വാരങ്ങളില്‍ പന്ത് പരിശീലന മത്സരങ്ങള്‍ കളിച്ചതായും പ്രതീക്ഷ നല്‍കുന്നതായിരുന്നു പ്രകടനമെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*