ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്ന ഗുജറാത്തികളുടെ എണ്ണം കുത്തനെ ഉയരുന്നു. 2021 ന് ശേഷം 1187 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. സൂറത്തും നവ്‌സാരിയും വൽസദും നർമദയും അടക്കം ഗുജറാത്തിൻ്റെയാകെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന റീജ്യണൽ പാസ്പോർട് സേവാ കേന്ദ്രത്തിൽ നിന്നുള്ള കണക്കുകളാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്.
2023 ൽ 485 പേർ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. 2022 ൽ 241 പേരായിരുന്നു പൗരത്വം ഉേക്ഷിച്ചത്. എന്നാൽ 2024 മെയ് മാസമായപ്പോഴേക്കും 244 പേർ രാജ്യം വിട്ടു. 30 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് പൗരത്വം ഉപേക്ഷിച്ചവരിൽ അധികവും. ഇവർ യുഎസിലും യുകെയിലും കാനഡയിലും ഓസ്ട്രേലിയയിലുമൊക്കെയാണ് പൗരത്വം നേടിയത്.
ഇന്ത്യൻ പാർലമെൻ്റിലെ കണക്കുകളും ഇത് ശരിവെക്കുന്നതാണ്. 2014 നും 2022 നും ഇടയിൽ ഗുജറാത്തിൽ നിന്നുള്ള 22300 പേർ രാജ്യം വിട്ടു. ഡൽഹിയിൽ നിന്ന് പൗരത്വം ഉപേക്ഷിച്ച് പോയ 60414 ഉം പഞ്ചാബിൽ നിന്ന് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പോയ 28117 പേരും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ഗുജറാത്തെന്നാണ് പാർലമെൻ്റിലെ കണക്ക്.
കൊവിഡിന് ശേഷം ഇക്കാര്യത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. പഠനത്തിനായി വിദേശത്ത് പോകുന്നവർ പിന്നീട് തിരികെ വരാൻ താത്പര്യപ്പെടാതെ ഇവിടെ തന്നെ തുടരുന്നതാണ് കാരണം. എന്നാൽ ബിസിനസുകാരടക്കം വിദേശത്തേക്ക് പോകുന്നുണ്ടെന്നും അതിന് കാരണം അടിസ്ഥാന സൗകര്യ രംഗത്ത് മറ്റിടങ്ങളിലുള്ള വ്യത്യാസമാണെന്നും വിലയിരുത്തലുണ്ട്. അതേസമയം 2028 ആകുമ്പോഴേക്കും ഇതിലുമേറെ പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുമെന്ന് കരുതപ്പെടുന്നു.
ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവർ 1967 ലെ പാസ്പോർട്ട് ചട്ടം അനുസരിച്ച് തങ്ങളുടെ പാസ്പോർട്ട് മടക്കി നൽകേണ്ടതുണ്ട്. ഇത് ആദ്യ വർഷം തന്നെ മടക്കുകയാണെങ്കിൽ പിഴയടക്കേണ്ട. വൈകിയാൽ 10000 മുതൽ 50000 രൂപ വരെ പിഴയീടാക്കുന്നതാണ് പതിവ്.
Be the first to comment