
പ്രണയബന്ധം എതിര്‍ത്തതിന്‍റെ പേരിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. കോഴിക്കോട് കുറ്റ്യാടി സ്വദേശികളുടെ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാദാപുരം അതിവേഗ സ്പെഷ്യൽ കോടതിയിൽ പരിഗണനയിലുള്ള കേസിൽ പിതാവിന്‍റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയും പെൺകുട്ടിയുടെ അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്‍റര്‍ പ്രെജക്ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കേസ് റദ്ദാക്കിയതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത മകൾ സുഹൃത്തായ യുവാവുമായി അടുപ്പത്തിലാണെന്നും, പെൺകുട്ടി ചൂഷണത്തിന് ഇരയായെന്നും മനസിലാക്കിയ പിതാവ് തൊട്ടിൽപ്പാലം സ്റ്റേഷനിൽ പരാതി നൽകിയയോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ ഇതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. പിന്നാലെ സുഹൃത്തായ യുവാവിന്‍റെ പ്രേരണയിൽ തന്നെ എട്ടാം വയസ് മുതൽ പിതാവ് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ആരോപിച്ചാണ് പെൺകുട്ടി പിതാവിനെതിരെ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ, വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിയുടെ നിജസ്ഥിതിയിൽ സംശയം തോന്നിയ ഹൈക്കോടതി, കേസ് പരിഗണനയ്ക്കെടുക്കുകയും ലീഗൽ സര്‍വീസ് കമ്മറ്റിയുടെ ഫാമിലി കൗൺസിലിങ് സെന്‍റര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം വിക്ടിം റൈറ്റ് സെന്‍റര്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അഡ്വ. പാര്‍വതി മേനോനെ കോടതിയ സഹായിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ടുകൾക്കൊപ്പം, പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച രേഖകളിലെ പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയും പരിഗണിച്ച ശേഷം കേസ് റദ്ദാക്കുകയായിരുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ, പ്രണയബന്ധം എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് കോടതി വിലയിരുത്തി.
Be the first to comment