ജിയോയ്ക്കും എയർടെല്ലിനും എതിരാളി; ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ സ്റ്റാര്‍ലിങ്ക്

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് താമസിയാതെ ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തുടങ്ങും. ഇതിനുള്ള പ്രാഥമികാനുമതി ടെലികോം വകുപ്പ് കമ്പനിക്കു നല്‍കിയതായാണ് വിവരം.

ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിന് മുമ്പാകെ ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ വ്യക്തത വരുത്തിയതിന് ശേഷമാണ് ടെലികോം വകുപ്പിൽ നിന്നുള്ള പ്രവർത്തനാനുമതി ലഭിക്കുക. ശേഷം ടെലികോം സെക്രട്ടറി നീരജ് മിത്തലിന്റേയും വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവിന്റേയും അനുമതി തേടും. ഇതിന് ശേഷമാണ് സ്റ്റാർലിങ്കിന് അനുമതി ലഭിക്കുക.

ആഗോളതലത്തിൽ മൊബൈലുകൾ ഉപയോഗിച്ചുള്ള വ്യക്തിഗത ആശയവിനിമയത്തിന് (ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്യൂണിക്കേഷൻസ് ബൈ സാറ്റലൈറ്റ്-ജി.എം.പി.സി.എസ്.) ആവശ്യമായ ലൈസൻസിനാണ് അനുമതിയായത്. ജി.എം.പി.സി.എസ്. ലൈസൻസ് കിട്ടിയെങ്കിലും ഇന്ത്യയിൽ വാണിജ്യസേവനങ്ങൾ തുടങ്ങുന്നതിന് സ്റ്റാർലിങ്കിന് സ്പെക്ട്രം അനുമതിയും വേണം.

സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് 2022 നവംബറിലാണ് ഇന്ത്യയിൽ ആദ്യമായി പ്രവർത്തനാനുമതി തേടിയത്. ഇതിനാവശ്യമായ സുരക്ഷാപരിശോധനകൾ ആഭ്യന്തരമന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും പൂർത്തിയാക്കിയിരുന്നു. മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലാകുമ്പോൾ ഉപയോക്താക്കൾക്ക് സന്ദേശമയക്കാനും സാറ്റലൈറ്റ് നെറ്റ്‌വർക്ക് വഴി ഡേറ്റാ ഉപയോഗിക്കാനുമാകുന്ന ഡയറക്ട് ടു മൊബൈൽ-ഡി2എം സേവനങ്ങളും സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിൽ ഭാരതി ഗ്രൂപ്പിന്റെ വൺവെബ് ഇന്ത്യ, റിലയൻസിന്റെ ജിയോ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് എന്നിവർക്കുമാത്രമാണ് ഇന്ത്യയിൽ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ അനുമതിയുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*