
കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവിയെ വധിച്ച കേസിലെ മൂന്നു പ്രതികളേയും വെറുതെവിട്ടു. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവി 2017 മാര്‍ച്ച് 20നാണ് കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ച് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ. എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിരുന്ന പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019ലാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ 7 വര്‍ഷമായി പ്രതികള്‍ ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. 97 സാക്ഷികളെ വിസ്തരിച്ചു.
കേസില്‍ വിധി പറയുന്നത് മൂന്ന് തവണ മാറ്റിയിരുന്നു. ഫെബ്രുവരി 29നായിരുന്നു ആദ്യം വിധി പറയാനിരുന്നത്. പിന്നീട് മാര്‍ച്ച് ഏഴ്, മാര്‍ച്ച് 20 തീയതികളിലേക്ക് മാറ്റി. ഏറ്റവും ഒടുവില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Be the first to comment