രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ അസംതൃപ്തി അറിയിച്ച് ആര്‍ജെഡി. ഇടതുമുന്നണിയിൽ പരിഗണന കിട്ടുന്നില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഐഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ സീറ്റ് കാര്യത്തിൽ ചർച്ച പോലും ഉണ്ടായില്ല. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങൾ, ക്ഷണിച്ചിട്ട് വന്നതാണ്. ജെഡിഎസ് സാങ്കേതികമായി ദേശീയ തലത്തിൽ ബിജെപിക്കൊപ്പമാണ്.
കേരളത്തിലെ ഘടകം ബിജെപിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്രസര്‍ക്കാരിൽ മന്ത്രിയാണെന്നും ശ്രേയാംസ് കുമാര്‍ പ്രതികരിച്ചു.രാജ്യസഭാ അംഗത്വവുമായാണ് 2018 ൽ ഞങ്ങൾ മുന്നണിയിൽ എത്തിയത്. 2019 ൽ ഞങ്ങളുടെ സീറ്റ് സിപിഐക്ക് നൽകി വിട്ടുവീഴ്ച ചെയ്തു, എന്നാൽ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024 ൽ ആ സീറ്റ് തിരികെ നൽകാൻ സിപിഐ തയ്യാറാകണമായിരുന്നു.
ജെഡിഎസിന് നൽകുന്ന പരിഗണന പോലും മുന്നണിയിൽ തങ്ങൾക്ക് നൽകുന്നില്ല.
ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി. പ്രവർത്തകർ നിരാശരാണ്. മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കണം. അതുകൊണ്ട് മുന്നണി മാറ്റം നിലവിൽ അജണ്ടയിലില്ല. ഇനിയങ്ങോട്ട് ഞങ്ങളുടെ ആവശ്യം പരിഗണിക്കണം. തങ്ങളുടെ ആവശ്യം ന്യായമാണെങ്കിൽ പരിഗണിക്കണം. എൽഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നതല്ല. മറ്റ് പരിപാടികൾ നേരത്തെ നിശ്ചയിച്ചതുകൊണ്ട് പോകാൻ കഴിയാതിരുന്നതാണ്.
യുഡിഎഫിൽ പരിഗണന കിട്ടിയെന്ന് പറയുന്നില്ല. എൽഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഒറ്റയ്ക്ക് നിന്നാൽ പോരേയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. യുഡിഎഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. തങ്ങൾ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ്. എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Be the first to comment