വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്കുകാരനായി ആര്‍എല്‍വി രാമകൃഷ്ണന്‍

എംഎ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടി ആര്‍ എല്‍ വി രാമകൃഷ്ണന്‍. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ പരീക്ഷ എഴുതിയിട്ടും റാങ്ക് കരസ്ഥമാക്കിയ വിവരം ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് റിസള്‍ട്ട് വന്നത്. ലിസ്റ്റില്‍ എം.എ ഭരതനാട്യം രണ്ടാം റാങ്കും നേടി. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നുപരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്. ഭരതനാട്യത്തിലെ നേട്ടത്തോടെ നൃത്തത്തില്‍ ഡബ്ബിള്‍ എം.എ കാരനായി രാമകൃഷ്ണന്‍.

ഭരതനാട്യത്തിന് പുറമേ മോഹിനിയാട്ടത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ എംഎ നേടിയത്. മോഹിനിയാട്ടത്തില്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍എല്‍വിക്കെതിരെ ജൂനിയര്‍ കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയാധിക്ഷേപം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു. മോഹിനാട്ടം അവതരിപ്പിക്കാന്‍ സൗന്ദര്യം വേണമെന്നും രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നുമെല്ലാമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകള്‍ വലിയ തോതില്‍ വിവാദമാകുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*