കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് കുട്ടനാട്ടിലെ റോഡുകള്‍

കുട്ടനാടന്‍ റോഡുകളില്‍ ഇനി ഭൂവസ്ത്രമായി കയര്‍ ഉപയോഗിക്കും. റോഡുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും റോഡുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ച് ഗുണനിലവാരം ഉയര്‍ത്തുന്നതിനുമാണ് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പദ്ധതി. ജൈവ ഉല്‍പന്നമായ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ അടിത്തറ ബലപ്പെടും. ശേഷം റോഡ് ഉയര്‍ത്തി ബിഎം & ബിസി നിലവാരത്തില്‍ ടാറിംഗ് ചെയ്യുന്നതാണ് രീതി. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള കുട്ടനാട്ടിലെ റോഡ് നിര്‍മാണ പ്രവൃത്തികളുടെ വിവരണം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ചു.

21 റോഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടത്. ഇതിൽ 14 റോഡുകളുടെ പ്രവൃത്തി പൂർത്തിയായിക്കഴിഞ്ഞു. ബാക്കി റോഡുകളുടെ ബിസി ടാറിംഗ്, സൈഡ് കോൺക്രീറ്റിംഗ്, ഓടകൾ എന്നീ പ്രവൃത്തികൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ആകെ 85 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.

അപ്പർ കുട്ടനാട് മേഖലയിലെ ജനങ്ങൾക്ക് ആലപ്പുഴ നഗരത്തിലേക്കും, മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേയ്ക്കും വേഗത്തിൽ എത്തിച്ചേരുവാൻ സഹായകരമാണ് ഈ പദ്ധതി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ പിന്നോക്ക കാർഷിക മേഖലയായ കരുമാടി, മുക്കവലയ്ക്കൽ, മൂന്നുമൂല, മേലാത്തുംകരി, തെക്കേ മേലാത്തുംകരി എന്നീ പ്രദേശങ്ങളെ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്നവയാണ് ഈ റോഡുകൾ.
വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനാകുന്ന മികച്ച രീതിയിലുള്ള റോഡുകൾ ഉറപ്പാക്കുന്നതിനൊപ്പം ആലപ്പുഴ ജില്ല കേന്ദ്രീകരിച്ചുള്ള പരമ്പരാഗത വ്യവസായമായ കയർ മേഖലയേയും കയർ തൊഴിലാളികളേയും കൈപിടിച്ചുയർത്താനുള്ള ശ്രമംകൂടിയാണ് ഭൂവസ്ത്രത്തിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*