
ദില്ലി : രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയയങ്കാ ഗാന്ധിയുടെ ജീവിത പങ്കാളിയും ബിസിനസുകാരനുമായ റോബർട്ട് വദ്ര. ബിസിനസ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും തന്നെ രാഷ്ട്രീയത്തിലേക്ക് ചിലർ തള്ളിയിട്ടിരിക്കുകയാണെന്നും വദ്ര വെളിപ്പെടുത്തി.
പ്രിയങ്കാ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റോബർട്ട് വദ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രഖ്യാപനം. ഗാന്ധി കുടുംബത്തിൽ നിന്ന് ബിസിനസ് നടത്തുന്നതിനെക്കാൾ എളുപ്പം രാഷ്ട്രീയത്തിലിറങ്ങുന്നതാണെന്നും വദ്ര അഭിപ്രായപ്പെടുന്നു. അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നതായും പാർട്ടിയുടെ അനുമതി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബിജെപി എന്നെയും എൻ്റെ വ്യവസായങ്ങളെയും കുടുംബത്തെയും കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ രാഷ്ട്രീയ പ്രതികാരമാണെന്ന് ജനം കാണുന്നുണ്ട്. അതിനാൽ ഞാൻ രാഷ്ട്രീയത്തിൽ നിൽക്കുകയാണെങ്കിൽ ഇതൊക്കെ പാർലമെൻറിലും തെരുവിലും ഒക്കെ നേരിടാൻ കഴിയും എന്ന് അവർ കരുതുന്നുണ്ട്. അതിനാൽ എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാവും എന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ കുടുംബത്തിൽ നിന്ന് ബിസിനസ് ചെയ്യുന്നതിനെക്കാൾ എളുപ്പം രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണ്. ഇതുവരെ ഞാൻ മാറിനിന്നു. എന്നാൽ പല രാഷ്ട്രീയക്കാരും ചേർന്ന് എന്നെ ഇതിലേക്ക് തള്ളിയിട്ടിരിക്കുകയാണ്’.
‘റായ്ബറേലിയും അമേഠിയിലും മറ്റു സ്ഥലങ്ങളിലുമുളളവർ മത്സരിക്കാൻ നിർബന്ധിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലുമുള്ളവർ തനിക്കായി പോസ്റ്റർ പതിക്കുന്നു. താൻ രാഷ്ട്രീയത്തിൽ വരുന്നത് വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും സഹായിക്കുമെന്ന് പലരും കരുതുന്നു’. എന്നാൽ ഇതിനൊക്കെ കുടുംബത്തിൻ്റെ അനുഗ്രഹവും അനുമതിയും വാങ്ങേണ്ടതുണ്ട്. പ്രിയങ്കയും പാർലമെൻറിൽ എത്തണമെന്നാണ് തൻ്റെ താൽപര്യം. പാർട്ടി അദ്ധ്യക്ഷ അടക്കം എല്ലാ പദവികൾക്കും പ്രിയങ്ക അർഹയാണ്. ബാക്കി കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും റോബർട്ട് വദ്ര വ്യക്തമാക്കി.
Be the first to comment