കോടതിയില്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് വാദിക്കുന്ന ആദ്യ കേസ് അടുത്ത മാസം.!

ന്യൂയോര്‍ക്ക്: ഒരു കേസിൽ പെട്ടാൽ ആദ്യം നമ്മൾ അന്വേഷിക്കുന്നത് ഒരു വക്കീലിനെ ആണ്. പിന്നീട് അയാളാണ് നമ്മുക്ക് വേണ്ടി വാദിക്കുന്നത്. എന്നാല്‍ കോടതിയില്‍ ഇത്തരത്തില്‍ നമ്മളെ സഹായിക്കാന്‍ ഒരു ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ഉള്ള റൊബോട്ട് വക്കീല്‍ വന്നാലോ? 

അസാധ്യമെന്ന് പറയേണ്ട, ഇത്തരത്തില്‍ ഒരു കേസ് അടുത്ത മാസം അമേരിക്കയിലെ കോടതിയില്‍ വരുന്നുണ്ട്. കേസിലെ പ്രതിഭാഗം എഐ സഹായത്തോടെയാണ് കേസ് വാദിക്കുന്നത്. ഡൂനോട്ട്പേ (DoNotPay) നിര്‍മ്മിച്ച എഐയാണ് പ്രതിഭാഗം ഉപയോഗിക്കുന്നത്. ഫെബ്രുവരിയില്‍ കോടതി പരിഗണിക്കുന്ന കേസിലെ വിവരങ്ങള്‍ തല്‍ക്കാലം പുറത്ത് വിട്ടിട്ടില്ല.

ന്യൂ സൈന്‍റിസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ട്ഫോണില്‍ ആപ്പായി പ്രവര്‍ത്തിപ്പിക്കാവുന്ന ഈ എഐ കോടതിയിലെ വാദങ്ങള്‍ എല്ലാം കേട്ട ശേഷം എതിര്‍വാദം എങ്ങനെ വേണം എന്ന നിര്‍ദേശം നല്‍കും. 

സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജോഷ്വ ബ്രൗഡർ എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് 2015-ൽ കാലിഫോർണിയയിൽ ഡൂനോട്ട്പേ എഐ വിസനക  കമ്പനി സ്ഥാപിച്ചത്.  കേസില്‍ പെടുന്നവര്‍ക്ക്  പണം ലാഭിക്കുന്നതിനും  അഭിഭാഷകരെ പൂർണ്ണമായും മാറ്റാനുമാണ് ഈ ആപ്പിലൂടെ  ജോഷ്വ ബ്രൗഡർ ഉദ്ദേശിക്കുന്നത്. 

” ഡൂനോട്ട്പേ ആപ്പ് ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകനാണ്. കോർപ്പറേഷനുകളോട് പോരാടുന്ന സാധാരണക്കാര്‍, ബ്യൂറോക്രസിയുടെ കുരുക്കില്‍ അകപ്പെടുന്നവര്‍  ഒരു ബട്ടണിൽ ക്ലിക്കിനപ്പുറം തങ്ങളുടെ നീതി പോരാട്ടം നടത്താന്‍ സാധിക്കണം എന്നാണ് ഇതിന്‍റെ ലക്ഷ്യം” എന്ന് കമ്പനി അവകാശപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*