ലോകത്തെ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പർ ടെന്നീസ് താരമെന്ന നേട്ടം ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്ക് സ്വന്തം. 43-ാം വയസിൽ പുരുഷ ഡബിൾസിൽ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന ചരിത്രനേട്ടമാണ് ബൊപ്പണ്ണയെ തേടിയെത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ ഡബിൾസില്‍ ഓസ്‌ട്രേലിയയുടെ മാത്യു എബ്ദേനൊപ്പം സെമിഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഒന്നാം സ്ഥാനം ഉറപ്പിക്കുന്നത്. 17 ശ്രമങ്ങൾക്ക് പിന്നാലെ ആദ്യമായാണ് ബൊപ്പണ്ണ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഡബിൾസ് സെമിയിലേക്ക് പ്രവേശിക്കുന്നത്.
38ാം വയസ്സിൽ ഒന്നാം റാങ്കിലെത്തിയ യുഎസ്എയുടെ രാജീവ് റാമിന്റെ പേരിലാണ് നിലവിലെ പ്രായം കൂടിയ ഒന്നാം റാങ്കുകാരനെന്ന റെക്കോഡ്. പുതിയ റാങ്കിങ്ങിൽ ബൊപ്പണ്ണയ്ക്ക് പിന്നാലെ മാത്യു എബ്ദേനാണ് രണ്ടാം റാങ്കുകാരൻ.
കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങുമായാണ് (മൂന്നാം റാങ്ക്) ബൊപ്പണ്ണ ഓസ്‌ട്രേലിയൻ ഓപ്പണിൽ പ്രവേശിച്ചത്. ഈ വർഷത്തെ ആദ്യ ഗ്രാൻഡ്സ്ലാമിന്റെ സെമിഫൈനലിലേക്ക് മുന്നേറിയ ഇന്ത്യയുടെ മുതിർന്ന വെറ്ററൻ ടെന്നീസ് താരമാണ് രോഹൻ.
ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ആറാം സീഡ് സഖ്യം അര്‍ജന്റീനയുടെ മാക്സിമോ ഗോൺസാലസ് – ആന്ദ്രെ മൊൽത്തേനി എന്നിവരെ 6-4, 7-6 (5) എന്ന സ്കോറിന് തോൽപിച്ചാണ് രണ്ടാം സീഡ് സഖ്യം സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിയിൽ സീഡ് ചെയ്യപ്പെടാത്ത ചെക് – ചൈനീസ് സഖ്യം തോമസ് മചാക് – ഷിഷെന്‍ ഷാംഗ് എന്നിവരുമായാണ് രോഹനും എബ്ദനും സെമിയിൽ ഏറ്റുമുട്ടുക.
Be the first to comment