ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ രോഹിത് ശർമ്മ നേടിയ സെഞ്ച്വറി തകർത്തത് ഒരു പിടിയോളം റെക്കോർഡുകൾ. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ താരത്തിന്റെ ആദ്യത്തെ സെഞ്ച്വറിയാണ് ഇന്ന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പിറന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്. തന്റെ ടെസ്റ്റ് കരിയറിലെ ഒൻപതാമത് സെഞ്ച്വറിയാണ് താരം ഇന്ന് 170 പന്തുകളിൽ നേടിയത്.
ഈ സെഞ്ചുറിയോടുകൂടി ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി തുടങ്ങിയ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി. ഇന്നത്തെ പ്രകടനത്തോടെ കുറെ കാലമായി ഫോം മങ്ങിയതിനെ തുടർന്ന് വിമർശനങ്ങൾക്കു കൃത്യമായ ഒരു മറുപടി നൽകുകയായിരുന്നു രോഹിത്.
രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 321 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (66), അക്‌സര്‍ പട്ടേല്‍ (52) എന്നിവരാണ് ക്രീസില്‍. അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫി ഓസീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഒന്നിന് 77 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. കെ എല്‍ രാഹുലിനെ (20) ആദ്യദിവസം മര്‍ഫി സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കിയിരുന്നു. ഇന്ന് ആര്‍ അശ്വിന്റെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. ആദ്യ മണിക്കൂറില്‍ അശ്വിനും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. സ്‌കോര്‍ 118ല്‍ നില്‍ക്കെ അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മര്‍ഫി ഓസീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 62 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും അടിച്ച അശ്വിന്‍ 23 റണ്‍സടിച്ചാണ് പുറത്തായത്.
പിന്നീടെത്തിയ ചേതേശ്വര്‍ പൂജാര ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. എന്നാല്‍ ടോഡ് മര്‍ഫിയുടെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച പൂജാരക്ക് പിഴച്ചു. ടോപ് എഡ്ജ് ചെയ്ത പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ സ്‌കോട്ട് ബൊളണ്ട് കൈയിലൊതുക്കി. 14 പന്തില്‍ ഏഴ് റണ്‍സായിരുന്നു പൂജാരയുടെ നേട്ടം. പൂജാരക്ക് പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി ആദ്യ റണ്ണെടുക്കാന്‍ സമയമെടുത്തെങ്കിലും ടോഡ് മര്‍ഫിയെ ബൗണ്ടറിയടിച്ച് അക്കൗണ്ട് തുറന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇന്ത്യക്ക് ലഞ്ചിനുശേഷം വിരാട് കോലിയെ നഷ്ടമായി. 12 റണ്‍സെടുത്ത കോലിയെ ടോഡ് മര്‍ഫിയുടെ പന്തില്‍ അലക്‌സ് ക്യാരി ക്യാച്ചെടുത്ത് പുറത്താക്കി. ആദ്യ ടെസ്റ്റിനിറങ്ങിയ സൂര്യകുമാര്‍ യാദവിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. എട്ട് റണ്‍സെടുത്ത സൂര്യയെ നഥാന്‍ ലിയോണ്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീടെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ചാണ് രോഹിത് സെഞ്ചുറിയിലെത്തിയത്.
അധികം വൈകാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡ്. 212 പന്തുകള്‍ നേരിട്ട രോഹിത് രണ്ട് സിക്‌സും 15 ഫോറും നേടിയിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ കെ എസ് ഭരതിനും തിളങ്ങാനായില്ല. 10 പന്തുകള്‍ നേരട്ടി ഭരത് എട്ട് റണ്‍സുമായി മടങ്ങി. മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ അക്‌സറിനെ കൂട്ടുപിടിച്ച് ജഡേജ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി, പിന്നാലെ അക്സറും അർദ്ധ സെഞ്ച്വറി നേടി.
Be the first to comment