ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പരമ്പരയിൽ കളിക്കാൻ രോഹിത് ശർമ്മ സമ്മതം അറിയിച്ചതായി റിപ്പോർട്ട്

ഡൽ​ഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പരമ്പരയിൽ കളിക്കാൻ രോഹിത് ശർമ്മ സമ്മതം അറിയിച്ചതായി റിപ്പോർട്ട്. നേരത്തെ പരമ്പരയിൽ നിന്ന് രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, ജസ്പ്രീത് ബുംറ എന്നിവർ വിശ്രമം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ താരങ്ങൾ ശ്രീലങ്കൻ പരമ്പരയിൽ പങ്കെടുക്കണമെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെയാണ് രോഹിത് ശർമ്മ കളിക്കാൻ തയ്യാറെന്ന സൂചനകൾ പുറത്തുവരുന്നത്.

എന്നാൽ കോഹ്‍ലി, ബുംറ എന്നിവർ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശ്രേയസ് അയ്യർ, കെ എൽ രാഹുൽ തുടങ്ങിയവർ ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രോഹിത് ശർമ്മ കളിക്കാൻ തയ്യാറായില്ലെങ്കിൽ കെ എൽ രാഹുൽ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് സൂചന. ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനെ അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

സൂര്യകുമാർ യാദവും ഹാർദ്ദിക്ക് പാണ്ഡ്യയും തമ്മിലാണ് പ്രധാന മത്സരം. ജൂലൈ 27ന് ട്വന്റി 20 മത്സരത്തോടെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഓ​ഗസ്റ്റ് രണ്ടിനാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. മലയാളി താരം സഞ്ജു സാംസൺ രണ്ട് ടീമിലും ഇടം നേടിയേക്കുമെന്ന പ്രതീക്ഷയിലാണ്. ​​ഗൗതം ​ഗംഭീർ ഇന്ത്യൻ പരിശീലകനാകുന്ന ആദ്യ പരമ്പരയാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*