
ഹൈദരാബാദ്: മകൻ്റെ മരണവുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് നീതി തേടി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു. തങ്ങളുടെ കുടുംബത്തോട് നീതി പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട രാധിക വെമുലയോട് വീണ്ടും അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കഴിഞ്ഞ ദിവസമാണ് തെലങ്കാന പോലീസ് കേസ് അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രോഹിത് വെമുല ദളിതല്ലെന്നും യഥാര്‍ഥ ജാതി പുറത്തു വരുമെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പോലീസ് റിപ്പോര്‍ട്ട്.
രോഹിത് വെമുലയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തെലങ്കാന ഡിജിപി രവി ഗുപ്ത അറിയിച്ചു. കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം ഇന്നലെ രാത്രിയില്‍ പറഞ്ഞു.
നിലവിലെ ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുന്‍ ബിജെപി എംഎല്‍സി എന്‍ രാംചന്ദര്‍ റാവു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. രോഹിത് വെമുല ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങള്‍ ക്യാമ്പസുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും തെളിവുകളുടെ അഭാവമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് റിപ്പോര്‍ട്ട്.
Be the first to comment