സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്ന് റോജി എം ജോണ്‍ എംൽഎ

തിരുവനന്തപുരം : സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയമസഭയില്‍. കേരളത്തില്‍ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് തീവിലയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ച് അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്നും കോണ്‍ഗ്രസിലെ റോജി എം ജോണ്‍ പറഞ്ഞു.

വെണ്ടക്കയും തക്കാളിയുമില്ലാത്ത സാമ്പാറും മുരിങ്ങക്കായ ഇല്ലാത്ത അവിയലും കഴിക്കേണ്ട ദുരവസ്ഥയിലാണ് സാധാരണ മലയാളി കുടുംബം. ഒരു മാസം മുമ്പ് 50-60 രൂപയ്ക്ക് ലഭിച്ചിരുന്ന പച്ചക്കറി കിറ്റ് ഇപ്പോള്‍ കിട്ടണമെങ്കില്‍ നൂറു രുപയിലേറെ കൊടുക്കണം. വരും ദിവസങ്ങളില്‍ വില ഇനിയും കൂടുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതൊന്നും സര്‍ക്കാര്‍ മാത്രം അറിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 85 രൂപയ്ക്ക് കെ ചിക്കന്‍ ഒരു മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 85 രൂപയ്ക്ക് ചിക്കന്‍ കാല്‍ പോലും കിട്ടില്ല. സാധാരണക്കാര്‍ ഉപയോഗിക്കുന്ന മത്തിയുടെ വില 300 രൂപയിലേറെയായി.

വിപണിയില്‍ പച്ചക്കറി വില വര്‍ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് നേരത്തെ കൃഷിമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സപ്ലൈകോയിലെ വിലവര്‍ധന ഇപ്പോള്‍ ജനങ്ങളെ ബാധിക്കുന്നില്ല. കാരണം സപ്ലൈകോയില്‍ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ വിലക്കയറ്റം ബാധിക്കേണ്ടതുള്ളൂ എന്നും റോജി എം ജോണ്‍ പരിഹസിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ വിലക്കയറ്റം ദേശീയ വിഷയമാണെന്നായിരുന്നു ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മറുപടി നല്‍കിയത്.

സര്‍ക്കാര്‍ ഇടപെടലില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തി. ഉത്പാദക സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ വിലക്കുറവുണ്ട്. സംസ്ഥാനത്ത് 82-83 ശതമാനം കുടുംബങ്ങള്‍ പൊതു വിതരണ കേന്ദ്രത്തെ ആശ്രയിച്ച് റേഷന്‍ വാങ്ങുന്നുണ്ട്. കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാത്തപ്പോഴും സര്‍ക്കാര്‍ സാധാരണക്കാരെ ചേര്‍ത്തു നിര്‍ത്തുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. അതിനാല്‍ ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*