ചിരിപ്പൂരപ്പേടിയായി ‘രോമാഞ്ചം’; കളക്ഷനില്‍ വന്‍ മുന്നേറ്റം

വലിയ കൊട്ടും ബഹളവുമില്ലാതെ തിയറ്ററുകളിലെത്തിയ ചില ചിത്രങ്ങള്‍ വമ്പന്‍ ജനപ്രീതി നേടുന്നതിന് കഴിഞ്ഞ വര്‍ഷം മലയാള സിനിമ സാക്ഷ്യം വഹിച്ചിരുന്നു. ജയ ജയ ജയ ജയ ഹേ, മാളികപ്പുറം തുടങ്ങിയവ അതിന് ഏതാനും ചില ഉദാഹരണങ്ങള്‍. ഇപ്പോഴിതാ ഈ വര്‍ഷവും അത്തരത്തിലൊരു ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം നേടുകയാണ്. നവാഗതനായ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ എത്തിയ രോമാഞ്ചമാണ് ആ ചിത്രം.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ എത്തുന്നത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചു വരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. 

സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തിയ ഈ ചിത്രത്തിൽ അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. 

കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ 10 കോടി നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ലെ മലയാളത്തിലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാണ് രോമാഞ്ചം എന്ന് തന്നെ പറയാം. 

Be the first to comment

Leave a Reply

Your email address will not be published.


*