ചുഴലിക്കാറ്റിൽ വീടുകളുടെ മേൽക്കൂര തകർന്നു

കുമരകം  :  കൈപ്പുഴമുട്ട് മഞ്ചാടിക്കരി ഭാഗത്തുണ്ടായ ചുഴലിക്കാറ്റിൽ വീടുകളുടെ മേൽക്കൂര തകർന്നു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് കാറ്റ് വീശിയത്. മഞ്ചാടിക്കരി പീടികപ്പറമ്പ് സന്തോഷ്, തിരുവാതിര സതീശൻ, കമ്പിയിൽ ജോബി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റിൽ വീട്ടുകാർ ഭീതിയിലായി.

മേൽക്കൂര തകരുന്ന ശബ്ദം കേട്ട്, വീട്ടിലുണ്ടായിരുന്നവർ ഇറങ്ങിയോടി. കാറ്റ് ശക്തമായി വീശിക്കൊണ്ടിരുന്നതിനാൽ എവിടെ അഭയം തേടണമെന്നറിയാതെ എല്ലാവരും പകച്ചു. സന്തോഷിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് ഒരു വശത്തേക്ക് ചരിഞ്ഞു. സതീശന്റെ വീടിനു മുകളിൽ മരം വീഴുകയും ഷീറ്റുകൾ പറന്നു പോകുകയും ചെയ്തു. ജോബിയുടെ വീടിനു മുകളിൽ മരം വീണാണ് തകർന്നത്.

തിരുവാർപ്പ് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ തോടുകളിൽ ജലനിരപ്പ് ഉയർന്നു. ചെങ്ങളം, കാഞ്ഞിരം, കുമ്മനം, തിരുവാർപ്പ് മേഖലകളിലാണ് ജലനിരപ്പ് ഇനിയും ഉയർന്നാൽ വെള്ളം കയറുക. വീണ്ടും ജലനിരപ്പ് ഉയർന്നാൽ  2 മാസത്തിനിടെ മേഖലയിൽ മൂന്നാമത്തെ വെള്ളപ്പൊക്കമാകും.

Be the first to comment

Leave a Reply

Your email address will not be published.


*