ആദ്യ ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍, ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം; റോയല്‍ എന്‍ഫീല്‍ഡ് ഗോവന്‍ ക്ലാസിക് 350 ലോഞ്ച് ശനിയാഴ്ച

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഗോവന്‍ ക്ലാസിക് 350 ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. 23 ന് മോട്ടോവേഴ്സ് 2024ല്‍ ബൈക്ക് അവതരിപ്പിച്ചതിന് ശേഷം റോയല്‍ എന്‍ഫീല്‍ഡ് വില പ്രഖ്യാപിക്കും.

350 സിസിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളാണിത്. ഭാരം കുറച്ച് വേഗം കൂട്ടാന്‍ സഹായിക്കുന്ന രൂപകല്‍പ്പന രീതിയാണ് ബോബര്‍ സ്‌റ്റൈല്‍. വളരെ ജനപ്രിയമായ ക്ലാസിക് 350 അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബൈക്ക്. അതേ 349 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതില്‍ വരുന്നത്. ഏകദേശം 20 ബിഎച്ച്പിയും 27 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന എന്‍ജിന്‍ തന്നെയാണ് ഇതിന്റെ കരുത്ത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഗോവന്‍ ക്ലാസിക് 350ന്റെ സ്‌റ്റൈലിഷ് ലുക്കായിരിക്കും ഏറ്റവും വലിയ ആകര്‍ഷണം. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ടാങ്ക്, വളഞ്ഞ ഫെന്‍ഡറുകള്‍, സീറ്റിന്റെ ഫ്‌ലോട്ടിംഗ് ഇഫക്റ്റ് എന്നി ഫീച്ചറുകളോടെ കാലത്തിന് ഇണങ്ങിയ രീതിയില്‍ മോട്ടോര്‍സൈക്കിള്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ക്രമീകരിക്കാവുന്ന ലിവറുകള്‍, ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം എന്നിവ അടക്കം ഒരു കൂട്ടം മറ്റു ഫീച്ചറുകളും റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. എക്സ്ഷോറൂം വില ഏകദേശം 2.10 ലക്ഷം രൂപയായിരിക്കാം.

 

Be the first to comment

Leave a Reply

Your email address will not be published.


*