ഹിൻഡെൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നശേഷം ഇതുവരെയായി അദാനിയുടെ 10 കമ്പനികളിൽ നിക്ഷേപിച്ച നിക്ഷേപകർക്ക് നഷ്ടമായത് 7 ലക്ഷം കോടി രൂപ. അമേരിക്കയിൽ കൈക്കൂലി കേസ് കൂടി ചുമതപ്പെട്ടതോടെ ഓഹരി വിലയിലുണ്ടായ കനത്ത ഇടിവ് സംഭവിച്ചത് കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള കണക്കാണിത്. അദാനി ഗ്രൂപ്പിന് കീഴിലെ 10 കമ്പനികളുടെ സംയോജിത വിപണി മൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
ഹിൻഡെൻബെർഗ് റിപ്പോർട്ട് പുറത്തുവന്നതിന്റെ തലേന്നാൾ (2023 ജനുവരി 23) 19.24 ലക്ഷം കോടി രൂപയായിരുന്നു കമ്പനി കമ്പനികളുടെ മൊത്തം വിപണി മൂല്യം. ഇന്നലത്തെ കണക്ക് പ്രകാരം 12.24 ലക്ഷം കോടി രൂപയാണ് മൊത്തം വിപണിമൂല്യം. ഇന്നലെ മാത്രം നിക്ഷേപകരുടെ 2.22 ലക്ഷം കോടി രൂപ മാഞ്ഞുപോയി. വൻതോതിൽ അദാനി ഓഹരികൾ വിറ്റഴിക്കപ്പെട്ടതോടെയാണ് ഇത് സംഭവിച്ചത്.
ഹിൻഡെൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്ന ശേഷം താഴെ വീണ അദാനി കമ്പനികളുടെ ഓഹരി മൂല്യം പിന്നീട് പതിയെ കയറുന്നതാണ് കണ്ടത്. അതിന് തൊട്ടുമുൻപ് 140 ബില്യൺ ഡോളർ പിന്നിട്ടിരുന്ന മൊത്തം വിപണി മൂല്യം റിപ്പോർട്ട് പുറത്തുവന്നശേഷം 80.67 ബില്യൺ ഡോളറിലേക്ക് താഴ്ന്നു. എന്നാൽ ഇവിടെ നിന്ന് ഓഹരി മൂല്യം കുതിച്ചുയർന്ന് 229.87 ബില്യൺ ഡോളറായി മാറി. 2024 ജൂൺ മൂന്നിലെ കണക്കാണ് ഇത്. എന്നാൽ ഹിൻഡെൻബെർഗ് സെബി ചെയർപേഴ്സൺ മാധബി പുരിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചതോടെ അദാനി കമ്പനികളുടെ ഓഹരി മൂല്യം താഴേക്ക് വീണ്ടും പതിച്ചു. എന്നാൽ മുൻപത്തെ അത്ര പ്രതിസന്ധി ഉണ്ടായിരുന്നില്ല.
വിപണിയിൽ വലിയതോതിൽ തളർച്ച നേരിട്ട ആഴ്ചകളാണ് പിന്നിടുന്നത്. ഈ ഘട്ടത്തിൽ എല്ലാം അദാനി കമ്പനികളുടെ ഓഹരി മൂല്യവും താഴേക്ക് പോയിരുന്നു. എന്നാൽ ഇവിടെയൊന്നും അവസാനിച്ചില്ല എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് അമേരിക്കയിൽ ഫെഡറൽ ഏജൻസി ഗൗതം അദാനിയെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളെ 2029 കോടി രൂപ കൈക്കൂലി നൽകി സ്വാധീനിച്ച്, സൗരോർജ്ജ പദ്ധതികൾ നേടിയെടുത്തുവെന്നും ഇത് കാണിച്ച് അമേരിക്കയിലെ നിക്ഷേപകരെ കബളിപ്പിച്ച് നിക്ഷേപം നേടിയെടുത്തുവെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. ഈ വിവാദങ്ങളെ അദാനി ഗ്രൂപ്പ് എങ്ങനെ മറികടക്കും എന്നാണ് ഓഹരി വിപണി ഉറ്റു നോക്കുന്നത്. കുത്തനെ വളരുന്ന സ്വഭാവമുള്ള അദാനി കമ്പനികളുടെ ഓഹരികൾ നിക്ഷേപകർക്ക് കഴിഞ്ഞകാലങ്ങളിൽ പലപ്പോഴും വലിയ നേട്ടമായിട്ടുണ്ട്. എന്നാൽ കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ എല്ലാം നിക്ഷേപകർക്ക് തിരിച്ചടിയും ഏറ്റിട്ടുണ്ട്. ഈ വിവാദ കാലം കഴിഞ്ഞാൽ അദാനി ഗ്രൂപ്പിനെ നിക്ഷേപകർ പഴയ പടി വിശ്വസിക്കുമോ എന്നുള്ളതാണ് ഇപ്പോഴത്തെ ചോദ്യം.
Be the first to comment