എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ? ദില്ലിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച

ദില്ലി: സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാകുന്നു. ദില്ലിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ ബിജെപി സ്വീകരിക്കുന്ന ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്ത മുതിര്‍ന്ന നേതാവാണ് രാജ്യസഭാ എംപികൂടിയായ പ്രകാശ് ജാവദേക്കര്‍.  പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോള്‍ വീണ്ടും ശക്തമായത്.

ദില്ലിയില്‍ പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്.  ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.നേരത്തെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ പങ്കെടുത്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ രാജേന്ദ്രൻ പങ്കെടുത്തത്. ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമം ആയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രൻ, പക്ഷേ പാര്‍ട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. 

ദിവസങ്ങള്‍ക്ക് മുമ്പ് ഇടുക്കിയിലെ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും, സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസും രാജേന്ദ്രനുമായി വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരിപാടിയില്‍ എസ് രാജേന്ദ്രൻ പങ്കെടുക്കുന്നത്. പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണമെങ്കില്‍ ചില നിബന്ധനകള്‍ എസ് രാജേന്ദ്രൻ നേരത്തെ മുന്നോട്ടുവച്ചിരുന്നു. 

പ്രാദേശികമായ നേതൃസ്ഥാനം അടക്കമാണ് രാജേന്ദ്രൻ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിബന്ധനകളില്‍ എന്തെല്ലാം ധാരണ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ രാജയ്ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് എന്ന സൂചന എസ് രാജേന്ദ്രൻ തന്നെ നല്‍കുകയായിരുന്നു. ഇതോടെയാണ് ഇദ്ദേഹവുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറായത്.

Be the first to comment

Leave a Reply

Your email address will not be published.


*