
കാലിഫോർണിയ: മാധ്യമവ്യവസായി ഭീമൻ റുപെർട്ട് മർഡോക്ക് 92ാം വയസിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. ആറാം തവണയാണ് റുപെർട്ടിൻ്റെ വിവാഹ നിശ്ചയം കഴിയുന്നത്. മോളിക്യൂലാർ ബയോളജിസ്റ്റാണ് എലീന സുക്കോവ. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഇവരുവരും പ്രണയബന്ധത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ കാമുകിയായിരുന്ന 66കാരി ആൻ ഡെസ്ലി സ്മിതുമായി മർഡോക്കിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹിതരാകുന്നു എന്ന പ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിടും മുൻപ് തന്നെ ഇരുവരും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കാമുകിയുടെ തീവ്രമായുള്ള മതപരമായ കാഴ്ചപ്പാടുകളാണ് ആ വിവാഹ നിശ്ചയത്തിൽ നിന്ന് റൂപ്പർട്ട് പിന്മാറിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഫോക്സ് ന്യൂസ് ചാനലും വാൾസ്ട്രീറ്റ് ജേർണലുമുൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്ഥരായ ഫോക്സ് കോർപറേഷൻ്റെ മുൻ ചെയർമാനായിരുന്നു മർഡോക്. അഞ്ച് മാസം മുൻപാണ് ഫോക്‌സ് ന്യൂസ് സ്ഥാപകനായ റുപെർട്ട് മർഡോക്ക് ഫോക്‌സിൻ്റെ മാതൃ കമ്പനിയുടെയും ന്യൂസ് കോർപ്പറേഷൻ മീഡിയ ഹോൾഡിംഗുകളുടെയും തലവൻ സ്ഥാനമൊഴിയുകാണെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെയാണ് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നതായി പ്രഖ്യാപിക്കുന്നത്.
Be the first to comment