റഷ്യയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാൻ ഇന്ത്യ

റഷ്യയിൽ  നിന്ന് കുറഞ്ഞ വിലയ്ക്ക് കൂടുതൽ എണ്ണ  വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നതായും അളവ്, വില എന്നിവ സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെന്നും റിപ്പോർട്ടുകൾ. യുക്രൈൻ അധിനിവേശത്തിന്  ശേഷം റഷ്യൻ എണ്ണക്ക് രാജ്യാന്തര തലത്തിൽ ഡിമാൻഡ് കുറഞ്ഞതിനാൽ വളരെ കുറഞ്ഞ വിലയിൽ എണ്ണ കിട്ടാനുള്ള സാധ്യതയാണ് ഇന്ത്യൻ എണ്ണക്കമ്പനികളെ ആകർഷിക്കുന്നത്. മോസ്കോയിലെ റോസ്നെഫ്റ്റ്  കമ്പനിയിൽ നിന്നാണ് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുക. പുതിയ കരാർ അടുത്ത ആറ് മാസത്തേക്കാകും എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
”ഇന്ത്യയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ‍ ഇറക്കുമതി ചെയ്യാനുള്ള ആറ് മാസത്തെ പുതിയ വിതരണ കരാറുകൾ അന്തിമമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ചരക്കുകൾ റോസ്‌നെഫ്റ്റിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഷിപ്പിംഗ്, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിൽപനക്കാരെ സജ്ജമാക്കിയിട്ടുണ്ട്”, എന്ന് ബ്ലൂംബെർ​ഗ് റിപ്പോർട്ടിൽ പറയുന്നു.

റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇരട്ടിയാക്കാനാണ് എണ്ണ കമ്പനികളോട് കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ സർക്കാർ സ്ഥാപനങ്ങളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും ഭാഗികമായി റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജിയും റോസ്നെഫ്റ്റില്‍ നിന്നും ക്രൂഡ് ഓയില്‍  വാങ്ങി ഇന്ത്യയിൽ ഇറക്കുമതി ചെയ്യും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*