റഷ്യ-യുക്രെയ്ന്‍ യുദ്ധം: നാല് മാസത്തിനുള്ളില്‍ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 20,000 സൈനികരെ

റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടെ 20,000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക. കൊല്ലപ്പെട്ടവരില്‍ പകുതിയിലധികവും യുക്രെയ്‌ന്റെ കിഴക്കന്‍ മേഖലയായ ബഖ്മുത് കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരുന്ന റഷ്യന്‍ സൈനികരാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ബഖ്മുത് പിടിച്ചെടുക്കാനുള്ള നീക്കം റഷ്യ ശക്തമാക്കിയതിന് പിന്നാലെയാണിത്.

യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിലവില്‍ റഷ്യയ്ക്കാണ് മുന്‍തൂക്കം. എന്നാല്‍ പറ്റാവുന്നത്ര റഷ്യന്‍ സൈനികരെ ഇല്ലാതാക്കി റഷ്യയുടെ കരുതല്‍ ശേഖരങ്ങള്‍ നശിപ്പിക്കാനാണ് യുക്രെയ്ന്‍ ലക്ഷ്യമിടുന്നത്. യുദ്ധത്തില്‍ റഷ്യയ്ക്കുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ യുഎസ് പുറത്തുവിട്ടിരിക്കുന്നത്. ഡോണ്‍ബാസ് മേഖലയില്‍ ആക്രമണം നടത്താനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെട്ടതായി വ്യക്തമാക്കുന്നു. തന്ത്രപരവും പ്രധാനപ്പെട്ടതുമായ ഒരു പ്രദേശവും പിടിച്ചെടുക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ജോണ്‍ കിര്‍ബി ചൂണ്ടിക്കാട്ടി . ഇതിനോടകം റഷ്യയുടെ ഒരു ലക്ഷം സൈനികര്‍ക്കെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. യുക്രെയ്ന്‍ യുദ്ധത്തിലെ ഇരകളായതിനാല്‍ അവരുടെ നഷ്ടങ്ങളുടെ കണക്ക് പുറത്തുവിടില്ലെന്നും അമേരിക്ക വ്യക്തമാക്കി.

റഷ്യ വേണ്ടത്ര പരിശീലനം നല്‍കാതെയാണ് സൈനികരെ യുദ്ധ മുഖത്തേയ്ക്ക് പറഞ്ഞുവിടുന്നത്. പുടിന്റെ അടുത്ത അനുയായി, ജയിലില്‍ കഴിയുന്ന കുറ്റവാളികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് സേനയിലേയ്‌ക്കെടുക്കുന്നത്. യുദ്ധത്തില്‍ ആറ് മാസം അതിജീവിക്കാന്‍ സാധിച്ചാല്‍ അവര്‍ക്ക് പൊതുമാപ്പ് നല്‍കി പുറത്തു വിടുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നതെന്നും കിര്‍ബി പറഞ്ഞു. ബഖ്മുത് പ്രവിശ്യയിലാണ് നിലവില്‍ യുക്രെയ്ന്‍ സേനയെന്നാണ് അറിയിച്ചിരിക്കുന്നത്. സ്ഥിതി വളരെ മോശമാണെന്നും എന്നാല്‍ യുക്രെയ്ന്‍ സൈന്യം റഷ്യയ്‌ക്കെതിരെ പ്രതിരോധം കടുപ്പിക്കുകയാണെന്നും കരസേനയുടെ കമാന്‍ഡര്‍ ജനറല്‍ ഒലക്‌സാന്‍ഡര്‍ സൈറിസ്‌കി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*