യോഗ്യത നേടിയ റഷ്യയുടേയും ബെലാറസിന്റേയും കായികതാരങ്ങള്‍ക്ക് പാരിസ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ നിബന്ധനകളോടെയായിരുന്നു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അനുമതി നല്‍കിയത്. രാജ്യത്തിന്റെ പതാക, മുദ്ര, ദേശീയഗാനം തുടങ്ങിയവയൊന്നുമില്ലാതെ സ്വതന്ത്രമായി മാത്രമായിരിക്കും താരങ്ങള്‍ക്ക് മത്സരിക്കാനാകുക. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടർന്നായിരുന്നു ഇരുരാജ്യങ്ങളേയും ഐഒസി വിലക്കിയത്. മാനുഷിക അവകാശങ്ങള്‍ പരിഗണിച്ചാണ് ഐഒസി താരങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഐഒസിയുടെ യോഗ്യതാ നിബന്ധനകള്‍
ആറ് കർശന യോഗ്യത വ്യവസ്ഥകളാണ് ഐഒസി സ്വതന്ത്രമായി പങ്കെടുക്കുന്നതിന് കായിക താരങ്ങള്‍ നല്‍കിയിരിക്കുന്നത്. 4,600 കായിക താരങ്ങളാണ് പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയിരിക്കുന്നത്. ഇതില്‍ 11 പേർ അംഗീകൃത സ്വതന്ത്ര അത്‌ലീറ്റുകളാണ് (എഐഎന്‍). എട്ട് പേർ റഷ്യയുടേയും മൂന്ന് പേർ ബലാറസിന്റേയും പാസ്‌പോർട്ടുള്ളവരാണ്.
- റഷ്യയുടേയും ബലാറസിന്റേയും പാസ്‌പോർട്ടുള്ള യോഗ്യത നേടിയ കായിക താരങ്ങള്‍ക്ക് എഐഎന്‍ വിഭാഗത്തിന്റെ കീഴില്‍ മത്സരിക്കാം.
- ബലാറസിന്റെയോ റഷ്യയുടെയോ പാസ്‌പോർട്ടുള്ള കായിക താരങ്ങളുടെ ടീമുകളെ പരിഗണിക്കില്ല.
- യുദ്ധത്തെ പിന്തുണയ്ക്കുന്ന താരങ്ങള്‍ക്കും സപ്പോർട്ട് സ്റ്റാഫിനും പ്രവേശനമുണ്ടാകില്ല. മത്സരിക്കാനും കഴിയില്ല.
- റഷ്യ, ബെലാറസ് സൈന്യവുമായോ ദേശീയ സുരക്ഷ ഏജന്‍സികളുമായോ കരാറിലേർപ്പെട്ടിരിക്കുന്ന കായിക താരങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല.
- എല്ലാ കായികതാരങ്ങളേയും പോലെ ഉത്തേജകവിരുദ്ധ ചട്ടങ്ങള്‍ പാലിച്ചിരിക്കണം.
- റഷ്യയ്ക്കും ബലാറസിനുമെതിരായ ഉപരോധങ്ങള്‍ തുടരും. ഇരുരാജ്യങ്ങളേയും പ്രതിനിധീകരിക്കുന്ന പതാകകള്‍, ദേശീയഗാനം, നിറങ്ങള്‍ തുടങ്ങിയവയൊന്നും പാരിസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക വേദികളില്‍ പ്രദർശിപ്പിക്കില്ല. ഇരുരാജ്യങ്ങളുടേയും സർക്കാർ പ്രതിനിധികള്‍ക്ക് ക്ഷണവും പ്രവേശനവും ഉണ്ടായിരിക്കില്ല.
റഷ്യയേയും ബലാറസിനേയും പ്രതിനിധീകരിക്കുന്ന താരങ്ങള്‍ക്കും പ്രതിനിധികള്‍ക്കും തങ്ങളുടെ വേദികളില്‍ സ്ഥാനമുണ്ടാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലോക അത്‌ലറ്റിക് ഫെഡറേഷന്‍.
Be the first to comment