ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റില്‍ വിശദീകരണവുമായി റഷ്യന്‍ ചെസ് ഇതിഹാസവും മുന്‍ ലോക ചാമ്പ്യനുമായ ഗാരി കാസ്പറോവ്. കോണ്‍ഗ്രസിൻ്റെ പ്രചാരണ വീഡിയോയില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ഏറ്റവും മികച്ച ചെസ്സ് കളിക്കാരന്‍ താനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ചെസ് കളിയിൽ തൻ്റെ പ്രിയപ്പെട്ട കളിക്കാരൻ ഗാരി കാസ്പറോവാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി കാസ്പറോവിൻ്റെ പേജില്‍ വന്ന ഒരു കമന്റിന് അദ്ദേഹം നല്‍കിയ മറുപടി വൈറലായിരുന്നു. ഒന്നാം സ്ഥാനത്തിന് വേണ്ടി വെല്ലുവിളിക്കുന്നതിന് മുമ്പ് റായ്ബറേലിയിൽ ആദ്യം ജയിക്കൂ എന്നായിരുന്നു കാസ്പറോവിൻ്റെ എക്‌സിലെ പ്രതികരണം. താരത്തിൻ്റെ പ്രതികരണം വൈറലായതോടെ ബിജെപി പ്രവർത്തകർ ഇത് ഏറ്റെടുത്ത് രാഹുലിനെതിരെ തിരിഞ്ഞിരുന്നു. ഇപ്പോൾ കമന്റിന് പ്രതികരണവുമായി കാസ്പറോവ് രംഗത്തെത്തിയിരിക്കുകയാണ്.
I very much hope my little joke does not pass for advocacy or expertise in Indian politics! But as an “all-seeing monster with 1000 eyes,” as I was once described, I cannot fail to see a politician dabbling in my beloved game! https://t.co/MlBnR4PeZ6
— Garry Kasparov (@Kasparov63) May 3, 2024
തൻ്റെ കമന്റ് ഒരു തമാശ മാത്രമായിരുന്നെന്നും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരെയും അനുകൂലിക്കാനോ പ്രതികൂലിക്കാനോ വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി തൻ്റെ മൊബൈൽ ഫോണിൽ ചെസ്സ് കളിക്കുന്നതിൻ്റെ വീഡിയോ അടുത്തിടെ കോൺഗ്രസ് പങ്കുവെച്ചിരുന്നു.
കാസ്പറോവാണ് തൻ്റെ ഇഷ്ട ചെസ് താരമെന്നും അദ്ദേഹം ഒരു നോണ്‍ ലീനിയര്‍ തിങ്കറാണെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഒരു രാഷ്ട്രീയക്കാരന്‍ തൻ്റെ പ്രിയപ്പെട്ട കളിയില്‍ മുഴുകുന്നത് കാണാതിരിക്കാനാവില്ലെന്നും ഗാരി കാസ്പറോവ് പറഞ്ഞിരുന്നു.
Be the first to comment