റഷ്യൻ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 പേടകം തകർന്നു വീണു

റഷ്യന്‍ ചാന്ദ്ര ദൗത്യമായ ലൂണ 25 പരാജയം. പേടകം ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് അറിയിച്ചു. ഇന്നലെ ഭ്രമണപഥം മാറ്റത്തിനിടെ പേടകവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേടകം തകര്‍ന്നുവീണതായി വ്യക്തമായത്.

ഓഗസ്റ്റ് 11 വിക്ഷേപിച്ച ലൂണ 25ന്‌റെ ലാന്‍ഡിങ് നാളെ നടത്താനിരിക്കെയാണ് ദുഃഖകരമായ വാര്‍ത്ത. 47 വര്‍ഷത്തിന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണ് ലൂണ 25. ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ പേടകമാകാന്‍ തയ്യാറെടുക്കവെയാണ് അപ്രതീക്ഷിത സാങ്കേതിക തകരാര്‍ ഉണ്ടായത്.

ലാന്‍ഡിങ്ങിന് തൊട്ടു മുന്‍പ് പേടകത്തെ ലക്ഷ്യമിട്ട പ്രീ ലാന്‍ഡിങ് ഭ്രമണപഥത്തിലേക്ക് മാറ്റുന്ന പ്രക്രിയയ്ക്കിടെയാണ് ഇന്നലെ സാങ്കേതിക തകരാര്‍ ഉണ്ടായത്. ഇതോടെ ഭ്രമണപഥം താഴ്ത്തുന്ന പ്രവർത്തനം നടന്നില്ല. പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്ന് ഇന്ന് സ്ഥിരീകരിച്ചു. പേടകവുമായി ഇന്നലെ മുതൽ ആശയബന്ധം വിച്ഛേദിക്കപ്പെട്ടെന്നും അത് തിരിച്ചുപിടിക്കാനായില്ലെന്നും റോസ്കോസ്മോസ് അറിയിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*