ബിജെപിയിലേക്കില്ല, നിലപാട് ആവർത്തിച്ച് എസ് രാജേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയിലേക്ക് പോകാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എതിരാളികൾ ആരോപിക്കുന്നത് പോലെ ബിജെപിയിലേക്ക് ചേക്കേറാൻ പോയതല്ലെന്ന് രാജേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ നിന്ന് ഒരു ആനുകൂല്യം വാങ്ങുവാനും പോയതല്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഡൽഹിയിൽ പോയതെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

ഡൽഹിയിൽ വെച്ച് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് നിലപാട് ആവർത്തിച്ച് രാജേന്ദ്രൻ രംഗത്തെത്തിയത്. പൊതുവിൽ സംസാരിക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പ് കാര്യങ്ങളും രാഷ്ട്രീയവും സംസാരിച്ചു. മറച്ചു വെക്കേണ്ട ഒരു കാര്യവും ധാരണയിൽ ഉണ്ടാക്കിയിട്ടില്ല. പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കിയിട്ട് എന്ത് ചെയ്യാൻ. സിപിഐഎം പേടിക്കുന്ന പാർട്ടി ഒന്നുമല്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

താൻ ഇപ്പോൾ ഒരു നേതാവല്ല, വ്യക്തിപരമായ ബന്ധത്തിൻറെ അടിസ്ഥാനത്തിലാണ് ഡൽഹിയിൽ പോയത്. പത്രവാർത്തകളിൽ കാണുന്നതുപോലെ ബിജെപിയിൽ പോകാനോ മെമ്പർഷിപ്പ് എടുക്കാനോ ഉദ്ദേശിക്കുന്നില്ല. ഇന്നുവരെ പാർട്ടിക്കെതിരെ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.

കൺവെൻഷനിൽ പങ്കെടുത്തതിന് ശേഷം പ്രകാശ് ജാവദേക്കറെ കണ്ടതാണ് പ്രശ്നമായതെന്നും രാജേന്ദ്രൻ പറഞ്ഞു. ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഈ അവസരത്തിൽ വേണ്ടായിരുന്നുവെന്ന് രാജേന്ദ്രൻ പറഞ്ഞു. പാർട്ടിയെ പ്രതിരോധത്തിലാക്കും എന്ന് ചിന്തിക്കാതെ പോയി. പ്രകാശ് ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചുവെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*