നടിയെ ആക്രമിച്ച കേസ് : എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ‍്തുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എഡിജിപി, എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം കോടതി അംഗീകരിച്ചു. 

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയത്. കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ ഉണ്ടായ സമ്മർദ്ദത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റം എന്നും ആരോപണം ഉയർന്നു. എസ്.ശ്രീജിത്തിനെതിരെ ദിലീപിന്‍റെ അഭിഭാഷകൻ ഫിലിപ് ടി.വർഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചിരുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ കുടുംബ സുഹൃത്താണ് എസ്.ശ്രീജിത്തെന്നും കേസിന് പിന്നിൽ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും ആയിരുന്നു പരാതി. അഭിഭാഷക സംഘടനകളും ശ്രീജിത്തിന്‍റെ നടപടിയിൽ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. 

അതേസമയം നടിയെ ആക്രമിച്ച കേസിൽ നിന്ന് മാറ്റിയത് ബാഹ്യപ്രേരണ കൊണ്ടാണെന്ന പ്രചാരണം ബാലിശമാണെന്നായിരുന്നു എഡിജിപി എസ്.ശ്രീജിത്തിന്റെ പ്രതികരണം. തന്നെക്കാള്‍ മിടുക്കനാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് മേധാവിയെന്നും വിവാദങ്ങളുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*