മണ്ഡല പൂജ: എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു. ഒരു മണിക്കൂര്‍ അധികമായി അനുവദിച്ചിട്ടുണ്ട്. അഴുതയില്‍ നിന്നും രാവിലെ ഏഴു മണി മുതല്‍ മൂന്നര വരെ പ്രവേശനം അനുവദിക്കും. മുക്കുഴിയില്‍ നിന്ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെയും പ്രവേശനം അനുവദിക്കും. സത്രം പുല്ലുമേട് പാതയിലെ പ്രവേശന സമയത്തില്‍ മാറ്റമില്ല.

ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബര്‍ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പ്രേംകൃഷ്ണന്‍ അറിയിച്ചു. 25, 26 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതല്‍ 60,000 വരെയായി ക്രമീകരിക്കും. സ്‌പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി.

25ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പമ്പയില്‍നിന്ന് പരമ്പരാഗത തീര്‍ത്ഥാടന പാതയിലൂടെ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്. തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് 6.15 ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് വൈകിട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങള്‍ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*