മകരവിളക്ക് തെളിയാന്‍ നിമിഷങ്ങൾ മാത്രം; തിരുവാഭരണം സന്നിധാനത്തേക്ക്

പത്തനംതിട്ട: മാമല നടുവിലെ മഹാസന്നിധിയിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെക്കാണാന്‍ വൻ ഭക്തജനത്തിരക്ക്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത് കാണാൻ രണ്ട ലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര ഉടൻ സന്നിധാനത്ത് എത്തിച്ചേരും.

ശരംകുത്തിയിൽ എത്തുന്ന ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെ നിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം ചാർത്തി വൈകുന്നേരം 6.40ന് ദീപാരാധന നടത്തും. ഇതേ സമയത്ത് തന്നെ പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും.

ഈ സമയത്ത് ആകാശത്ത് മകര നക്ഷത്രം ദൃശ്യമാകും. പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും തെളിയും. ഇവിടെ തെളിയുന്ന മകര ജ്യോതി ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമലയുടെ വിവിധ ഭാഗങ്ങളിലായി മണിക്കൂറുകളോളം തമ്പടിച്ചു കഴിയുന്നത്. ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ജനുവരി 20ന് ആണ് മകരവിളക്ക് ഉത്സവത്തിന് ശേഷം ശബരിമല നട അടക്കുക.

മകര ജ്യോതി ദര്‍ശനത്തിന് പ്രത്യേക സ്പോട്ടുകള്‍

നിലക്കലിലും പമ്പയിലും സന്നിധാനത്തും മകര ജ്യോതി ദര്‍ശനത്തിന് പ്രത്യേക സ്‌പോട്ടുകള്‍ പൊലീസും ദേവസ്വം ബോര്‍ഡും അനുവദിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ ഇലവുങ്കല്‍, അട്ടത്തോട്, പടിഞ്ഞാറേ കോളനി, നെല്ലിമല, അയ്യന്‍മല എന്നീ അഞ്ച് സ്‌പോട്ടുകളില്‍ ഭക്തര്‍ക്ക് മകര ജ്യോതി വീക്ഷിക്കാം. പമ്പയിലും മൂന്ന് സ്‌പോട്ടുകള്‍ സജ്ജമാണ്.

ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യ ഭാഗം വലിയാനവട്ടം എന്നിവിടങ്ങളില്‍ നിന്ന് ഭക്തര്‍ക്ക് മകരജ്യോതി ദര്‍ശിക്കാം. സന്നിധാനത്ത് തിരുമുറ്റത്തിന്‍റെ തെക്കു ഭാഗം, അന്നദാന മണ്ഡപത്തിന്‍റെ മുന്‍വശം, പാണ്ടിത്താവളം, ജ്യോതിനഗര്‍, ഫോറസ്‌റ്റ് ഓഫിസ് പരിസരം, വാട്ടര്‍ അതോറിറ്റി ഓഫിസ് പരിസരം എന്നിവിടങ്ങളിലും മകര ജ്യോതി ദര്‍ശിക്കാം

Be the first to comment

Leave a Reply

Your email address will not be published.


*