
മകരവിളക്ക് ഒരുക്കങ്ങൾ പൂർണമായെന്ന് ദേവവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. നാളേക്ക് രണ്ട് ലക്ഷം തീർത്ഥാടകരെ പ്രതീക്ഷിക്കുന്നു. സുരക്ഷക്കായി ബാരിക്കേടുകൾ , വെളിച്ചം എന്നിവ സജ്ജികരിച്ചു. വിരിവെച്ച് കഴിയുന്ന തീർത്ഥാടകർക്ക് നേരിട്ട് ഭക്ഷണം എത്തിക്കുന്നു.
നാളെ രാവിലെ 10 മുതൽ നിലക്കലിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ സന്നിധാനത്തേക്ക് തീർഥാടകരെ കടത്തി വിടില്ല. മകരവിളക്ക് കണ്ട് മല ഇറങ്ങുന്നവർ സ്വയം നിയന്ത്രണം പാലിക്കണമെന്നും പി എസ് പ്രശാന്ത് അറിയിച്ചു.
മുതിർന്ന അമ്മമാരും, കുട്ടികളും നാളെ ദർശനം നടത്താതെ ഇരിക്കുന്നതാണ് നല്ലത്. പമ്പയിൽ നിന്നും എണ്ണുറോളം കെ.എസ്.ആർ.ടി.സി. ബസുകൾ യാത്രക്കായി സജ്ജീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മകരവിളക്ക് തൊഴാനായി സന്നിധാനത്തേക്ക് തീർഥാടക പ്രവാഹമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്നത്.
നാളെ രാവിലെ 8.45 ന് മകര സംക്രമ പൂജയും, അഭിഷേകവും നടക്കും. തുടർന്ന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരും. തുടർന്നാണ് വിശേഷാൽ ദീപാരാധന നടക്കുക. തുടർന്ന് പൊന്നമ്പല മേട്ടിൽ മകരവിളക്കും ആകാശത്ത് മകര നക്ഷത്രവും തെളിയും.
അതേസമയം ആയിരക്കണക്കിന് തീർത്ഥാടകരാണ് മകരവിളക്ക് ദർശിക്കാൻ സന്നിധാനത്ത് വിരിവെച്ച് കഴിയുന്നത്. വര്ഷങ്ങളായി തുടർന്ന് വരുന്ന ആചാരപ്പെരുമയിൽ തന്നെയാണ് ഇത്തവണത്തെയും തിരുവാഭരണ ഘോഷയാത്ര നടത്തുക. പന്തളം കൊട്ടാരത്തിൽ നിന്നും രാവിലെ തന്നെ തിരുവാഭരണം വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് മാറ്റി.
തുടർന്ന് 12 മണി വരെ ഭക്തജനങ്ങൾക്ക് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ശേഷം പ്രത്യേക പൂജകൾ നടക്കും. മകരവിളക്ക് ദിവസം അഞ്ചുമണിയോടെ ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സ്വീകരിക്കും. തുടർന്നാണ് സന്നിധാനത്തെ ചടങ്ങുകൾ നടക്കുക.
Be the first to comment