പത്തനംതിട്ട : ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഇന്ന് (ഡിസംബർ 26) സമാപനം. മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ച് മണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.
ഇന്ന് 12നും 12.30നും ഇടയിൽ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിലാണ് മണ്ഡല പൂജ നടക്കുക. ഇതിന്റെ ഭാഗമായി തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇന്നലെ (ഡിസംബർ 25) പമ്പയിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വൈകിട്ട് ആറ് മണിയോടെ സന്നിധാനത്ത് എത്തിച്ചേർന്നിരുന്നു. സോപാനത്തെത്തിയ തങ്ക അങ്കി തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. പിന്നാലെ ദീപാരാധന നടന്നു. ഇതിന് ശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചു.
ഇന്ന് പതിവുപോലെ പുലർച്ചെ 3:00 മണിക്ക് നട തുറന്നു, ശേഷം 3.05 ന് നിർമാല്യം, 3.15 ഗണപതി ഹോമം, 3.25 മുതൽ 11 വരെ നെയ്യഭിഷേകം എന്നിങ്ങനെ ചടങ്ങുകൾ നടന്നു. രാവിലെ 11.57 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് സവിശേഷമായ മണ്ഡല പൂജ നടക്കുക.
മണ്ഡലപൂജ കഴിഞ്ഞ് 1 മണിക്ക് നടയടയ്ക്കും, വീണ്ടും 3 മണിക്ക് നടതുറന്ന് 6.30ന് ദീപാരാധനയും, രാത്രി 9.50 ന് ഹരിവരാസനം ചൊല്ലി 10 മണിയോടെ നട അടയ്ക്കുമെന്ന് ജില്ല പൊലീസ് അറിയിച്ചു.
Be the first to comment