കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത്.

നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കുംഭമാസം ഒന്നാം തീയ്യതിയായ നാളെ രാവിലെ 5 മണിക്ക് നട തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.

അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ പുത്തൻ സംവിധാനം വരുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. ‘ശബരിമല വികസന അതോറിറ്റി’ രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞു.

മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി, ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായിട്ടായിരിക്കും സമിതി രൂപീകരിക്കുക. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരമുള്ള റോപ് വേ പദ്ധതിയുടെ നിര്‍മാണം, നടത്തിപ്പ് എന്നിവയ്ക്കായി എം എസ് 18th സ്റ്റെപ് ദാമോദർ കേബിൾ കാർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. sab

Be the first to comment

Leave a Reply

Your email address will not be published.


*