വൃശ്ചികം പിറന്നു; ഇനി ശരണം വിളികളുടെ മണ്ഡലകാലം

ഇന്ന് വൃശ്ചികം ഒന്ന് ശബരിമല മണ്ഡലകാലത്തിന് തുടക്കം. പുലർച്ചെ മൂന്നു മണിക്ക് നട തുറന്നു. പുതിയതായി സ്ഥാനമേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നു ദീപം തെളിച്ചത്. നട തുറന്നത് മുതൽ ദർശനത്തിനായി തീർഥാടകരുടെ നീണ്ട നിരയാണ്. 

അറുപതിനായിരത്തോളം ഭക്തരാണ് ബര്‍ത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത്.ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്‌പോട്ട് ബുക്കിങ്ങിലൂടെയും തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് എത്തും. ദേവസം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാണു ദേവസം ബോര്‍ഡിന്റെ തീരുമാനം.

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സത്രം – പുല്ലുമേട് – സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ ഇന്ന് മുതൽ ഭക്തരെ കടത്തി വിടും. രാവിലെ ഏഴു മുതൽ ഉച്ച കഴിഞ്ഞ് രണ്ടു വരെയാണ് കടത്തി വിടുക.പന്ത്രണ്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സത്രത്തിലെത്താം. കാനന പാതയിൽ വേണ്ട ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാലത്തെ സുരക്ഷക്കായി 360 പോലീസുകാരെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചതായി എസ് പി. വി യു കുര്യാക്കോസ് പറഞ്ഞു. ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും തീർത്ഥാടന പാതയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങൾ വിലയിരുത്താൻ ഇടുക്കി, തേനി എസ്പിമാരുടെ നേതൃത്വത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.

12 സ്ഥലങ്ങളില്‍ തത്സമയ ബുക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ മാത്രം 10 കൗണ്ടറുകള്‍ തുറക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കാണ് തത്സമയ ബുക്കിങ്. ബുക്കിങ്ങിന് ഫീസില്ല. രേഖകള്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ പോലീസ് പരിശോധിക്കും. ആറു വയസില്‍ താഴെയുള്ളവര്‍ക്ക് ബുക്കിംങ്ങ് ആവശ്യമില്ല. ദര്‍ശനത്തിന് വരുന്നവര്‍ sabarimalaonline.org എന്ന വെബ്‌സൈറ്റിലാണ് ബുക്കുചെയ്യേണ്ടത്. പേര്, ജനന തീയതി, മേല്‍വിലാസം, പിന്‍കോഡ്, തിരിച്ചറിയല്‍ രേഖ, സ്‌കാന്‍ ചെയ്ത ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. ഇ- മെയില്‍ ഐഡി നല്‍കി പാസ് വേഡ് സൃഷ്ടിക്കണം. ഇതു വീണ്ടും ഉറപ്പാക്കിയശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ബോക്സില്‍ ടിക്ക് ചെയ്യണം. ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് സൈറ്റില്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ല.

അപ്പം, അരവണ, വിഭൂതി, നെയ്യ് എന്നിവയ്ക്ക് ഓണ്‍ലൈനായി തുകയടയ്ക്കാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.

*സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍

ശ്രീകണ്‌ഠേശ്വരം, പി.ഡി. മണികണ്‌ഠേശ്വരം, വലിയകോയിക്കല്‍ക്ഷേത്രം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, എരുമേലി, ഏറ്റുമാനൂര്‍, വൈക്കം, പെരുമ്പാവൂര്‍, കീഴില്ലം, വണ്ടിപ്പെരിയാര്‍ സത്രം, നിലയ്ക്കല്‍, ചെറിയാനവട്ടം.

 

Be the first to comment

Leave a Reply

Your email address will not be published.


*