വിഷു പൂജയ്ക്കായി ശബരിമല ഏപ്രില്‍ 10ന് തുറക്കും; വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

ശബരിമല: മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്രം ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍ അയ്യപ്പഭക്തര്‍ക്ക് ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്യും.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 11 ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പതിനൊന്നാം തീയതി മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും. മേടം ഒന്നായ ഏപ്രില്‍ 14 ന് പുലര്‍ച്ചെ മൂന്നിന് തിരുനട തുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനവും കൈനീട്ടം നല്‍കലും. പിന്നേട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് നട അടക്കും.

ശബരിമല മേടമാസ പൂജയും, വിഷുദര്‍ശനവും പ്രമാണിച്ച് അയ്യപ്പ ഭക്തര്‍ക്ക് വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. പത്താം തീയതി മുതല്‍ തിരുവനന്തപുരം,ചെങ്ങന്നൂര്‍, പത്തനംത്തിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ട്രയിന്‍ മാര്‍ഗ്ഗം ചെങ്ങന്നൂരില്‍ എത്തുന്ന ഭക്തര്‍ക്ക് ഏത് സമയവും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സര്‍വ്വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ മുന്‍കൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏര്‍പ്പെടുത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*