ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പു കോർത്തു നിൽക്കുന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിക്കുന്നു. ഈ മാസം 11 നു പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികമായ അന്നു നടത്തുന്ന റാലിയിലായിരിക്കും പ്രഖ്യാപനം. “പ്രഗതിശീൽ കോൺഗ്രസ്’ എന്നാണു പുതിയ പാർട്ടിയുടെ പേരെന്നാണു വിവരം.
മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പലവട്ടം ചർച്ച നടത്തിയിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം 29നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുൻകയ്യെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്നം തീർന്നതായി നേതൃത്വം അവകാശപ്പെടുകയും ചെയ്തതാണ്.
തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റ സ്ഥാപനമായ ഐപാക് ആണു സച്ചിന്റെ പാർട്ടിയുടെ രൂപീകരണത്തിനു സഹായിക്കുന്നതെന്നാണു വിവരം. ഏപ്രിൽ 11 നു മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ടു സച്ചിൻ നടത്തിയ നിരാഹാരസമരത്തിന്റെ സംഘാടനം ഐപാക്കിനായിരുന്നു. കഴിഞ്ഞമാസം അജ്മേറിൽ നിന്നു ജയ്പൂർ വരെ സച്ചിൻ നടത്തിയ 5 ദിവസത്തെ പദയാത്രയ്ക്കു പിന്നിലും ഐപാക് ആയിരുന്നു.
Be the first to comment