സച്ചിൻ തെണ്ടുല്‍ക്കറിന് ഇന്ന് 50-ാം പിറന്നാള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക്, ഒരേയൊരു മാസ്റ്റർ ബ്ലാസ്റ്റർക്ക്, ക്രിക്കറ്റിന്‍റെ ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാള്‍. 22 വാരയ്ക്കകത്തെ 24 വർഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏറ്റവും ഉയർന്ന റണ്‍മല കെട്ടിപ്പടുത്തും സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചും മറ്റൊരു താരത്തിനും ഇനിയൊരിക്കലും ഒരുപക്ഷേ നേടാനാവാത്തയത്രയും റെക്കോർഡുകളും സൃഷ്ടിച്ചും ഇന്ത്യയുടെ ക്രിക്കറ്റ് ജീനിയസ് ജീവിതത്തിന്‍റെ ക്രീസില്‍ 50* നോട്ടൗട്ട് തികച്ചിരിക്കുന്നു.

കവിയും നോവലിസ്റ്റും കോളജ് പ്രഫസറുമായിരുന്ന രമേഷ് തെണ്ടുല്‍ക്കറിന്റെയും ഇന്‍ഷ്വറന്‍സ് ഉദ്യോഗസ്ഥയായ രജ്‌നിയുടെയും മകനായി 1973 ഏപ്രില്‍ 24ന് മുംബൈയിലെ ബാന്ദ്രയില്‍ ആണ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ജനനം. രമേഷ് തെണ്ടുല്‍ക്കറിന്റെ ആദ്യ ഭാര്യയിലെ രണ്ട് ജേഷ്ഠന്മാരുടെയും ഒരു ചേച്ചിയുടെയും പൊന്നോമന അനുജനായി സച്ചിന്റെ വളര്‍ച്ച. മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനിടെ ആദ്യ ഭാര്യ മരിച്ചതോടെയാണ് രമേഷ് തെണ്ടുല്‍ക്കര്‍ രജ്‌നിയെ വിവാഹം കഴിച്ചത്. കവിയായ രമേഷ് തെണ്ടുല്‍ക്കറിന് സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ ദേവ് ബര്‍മനോടുണ്ടായ ആരാധനയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിനു കാരണം. ക്രിക്കറ്റിനേക്കാള്‍ ടെന്നീസ് ഇഷ്ടപ്പെട്ട, അമേരിക്കന്‍ ഇതിഹാസ ടെന്നീസ് താരമായ ജോണ്‍ മക്കെന്‍ റൊയെ അനുകരിച്ച് തലമുടി നീട്ടിവളര്‍ത്തിയ കുഞ്ഞു സച്ചിനാണ് പില്‍ക്കാലത്ത് ക്രിക്കറ്റിന്റെ ഇതിഹാസമായി വളര്‍ന്നത്. ക്രിക്കറ്റ് കളിക്കാരനായിരുന്ന ചേട്ടന്‍ അജിത് ആണ് സച്ചിനിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞതും 1984ല്‍ ദാദറിലെ ശിവജി പാര്‍ക്കിലുള്ള ക്രിക്കറ്റ് പരിശീലകന്‍ രമാകാന്ത് അചരേക്കറിന്റെ അടുത്ത് എത്തിച്ചതും.

മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ്‌ ക്രിക്കറ്റിന്‍റെ ബാലപാഠങ്ങൾ രമാകാന്ത് അചരേക്കറിൽ നിന്ന് കുഞ്ഞു സച്ചിൻ പഠിച്ചെടുത്തത്. പിന്നീട് സംഭവിച്ചതെല്ലാം ലോക ക്രിക്കറ്റിന്‍റെ ചരിത്രത്തിനോടൊപ്പം എഴുതിച്ചേർക്കപ്പെട്ടു. 1989 നവംബർ 15ന് കറാച്ചിയില്‍ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ 15 റണ്‍സുമായി ആ പതിനാറുകാരന്‍ മടങ്ങി. ഇതേ വർഷം തന്നെ ഡിസംബർ 18ന് ഏകദിനത്തിലും സച്ചിന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഏകദിന അരങ്ങേറ്റത്തില്‍ പൂജ്യത്തില്‍ പുറത്താവാനായിരുന്നു വിധി. രാജ്യാന്തര ടി20 അരങ്ങേറ്റം 2006 ഡിസംബർ ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു. ഈ മത്സരം സച്ചിന്‍റെ അവസാന രാജ്യാന്തര ടി20യുമായി. 

രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളോടെ 34,357 റണ്‍സും എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകളുമാണ് സച്ചിന്‍റെ ക്രിക്കറ്റ് സമ്പാദ്യം. സെഞ്ചുറികളിൽ സെഞ്ചുറി തീര്‍ത്ത ഏക ക്രിക്കറ്ററായി ഇന്നും സച്ചിന്‍ തുടരുന്നു. 2012 മാര്‍ച്ചിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്‍റെ നൂറാം സെഞ്ചുറി. ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം ഉൾപ്പടെയാണ് സച്ചിന്‍ സെഞ്ചുറികളില്‍ 100 പൂർത്തിയാക്കിയത്. 

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ചുറികള്‍, ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റികള്‍(68), ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് മാച്ച്(59), മാന്‍ ഓഫ് ദ് സീരീസ്(14), പ്രായം കുറഞ്ഞ ഇന്ത്യന്‍ ടെസ്റ്റ് താരം(16 വയസും 205 ദിവസവും), ഏകദിനത്തിലെ പ്രായം കുറഞ്ഞ ഇന്ത്യൻ(16 വയസും 238 ദിവസവും) ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ്(1894), ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റികള്‍(9), ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്(2278) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകള്‍ മാസ്റ്റർ ബ്ലാസ്റ്റർ കരസ്ഥമാക്കി. 2003 ലോകകപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സച്ചിന്‍ 2004, 2007 വർഷങ്ങളില്‍ ഐസിസിയുടെ ലോക ഇലവനില്‍ ഇടംപിടിച്ചു.

രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരവും അർജുന അവാർഡും പത്മശ്രീയും പത്മവിഭൂഷനും വിസ്ഡന്‍ ക്രിക്കറ്റർ ഓഫ് ദ് ഇയറും ലോറസ് പുരസ്കാരവും അടക്കം അനവധി നേട്ടങ്ങള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കർ സ്വന്തമാക്കിയിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*