സുരക്ഷിത ഇന്റർനെറ്റ് ദിനം അഥവാ Safer Internet Day അറിയാം… കൂടുതലായി

ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി  മാറിയ ഒന്നാണ് ഇന്റർനെറ്റ്. ഒരു ദിവസം പോലും ഇന്റർനെറ്റ് ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തിടത്തോളം മനുഷ്യൻ വിവരസാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു. മുതിർന്നവരെപോലെതന്നെ കോവിഡ് സാഹചര്യത്തോടുകൂടി കുട്ടികളും ഇന്റർനെറ്റിന്റെ ഉപഭോക്താക്കളായി മാറി എന്നതിനാൽ സുരക്ഷിതമായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നെത്തേക്കാളും പ്രാധാന്യമർഹിക്കുന്നു. ഈ ലക്‌ഷ്യം മുൻനിർത്തി ജനങ്ങളിൽ അവബോധം സൃഷ്ഠിക്കുവാനാണ് എല്ലാ വർഷവും ഫെബ്രുവരിയിൽ Safer Internet Day അഥവാ സുരക്ഷിത ഇന്റർനെറ്റ് ദിനം ആചരിക്കുന്നത്.

2004 ഇൽ യൂറോപ്യൻ യൂണിയന്റെ സേഫ് ബോർഡേഴ്സ് പ്രോജക്ടിന്റെ ഭാഗമായി തുടങ്ങിയ Safer Internet Day എന്ന ആശയം ഇന്ന് ഏകദേശം 180 ഓളം രാജ്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നു.  2009 ലാണ്  ആദ്യമായി Safer Internet Day കമ്മിറ്റികൾ രൂപീകരിച്ചത്. നിലവിലുള്ള എല്ലാ രാജ്യങ്ങളുമായും ചേർന്ന് ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചു പ്രവർത്തിക്കാൻ തുടങ്ങിയ ഗ്ലോബൽ Safer Internet Day (SID) കമ്മിറ്റികൾ ബ്രസ്സൽസ് ആസ്ഥാനമായുള്ള Safer Internet Day കോർഡിനേഷൻ ടീമുമായി സഹകരിച്ചു മുന്നോട്ടു പോകുന്നു.

ആഗോള തലത്തിൽ ഒന്നിച്ചൊരു നല്ല ഇന്റർനെറ്റ് സമൂഹം ആവുക എന്നതാണ് Safer Internet Day യുടെ മുദ്രാവാക്യം. അതിലേക്കായി എല്ലാവരും ഒത്തുചേർന്നു കുട്ടികൾക്കും യുവജനങ്ങൾക്കും സുരക്ഷിതമായ ഒരു ഇന്റർനെറ്റ് സമൂഹം വാർത്തെടുക്കുവാൻ സഹായിക്കണം എന്ന ആഹ്വാനവുമായിട്ടാണ് ഇത്തവണ safer internet കമ്മിറ്റികൾ പ്രവർത്തിക്കുന്നത്. മാതാപിതാക്കളെ ബോധവൽക്കരിക്കുന്നതിലൂടെയും, വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗദർശനം നല്കുന്നതിലൂടെയും കൂടുതൽ ഉത്തരവാദിത്വത്തോടെ ഇന്റർനെറ്റ് ഉപയോഗം സാർവത്രികമാക്കാൻ പര്യാപ്തമായ പരിപാടികളും പദ്ധതികളുമായിട്ടാണ് Safer Internet സെന്ററുകളും Safer Internet Day കമ്മിറ്റികളും വിവിധ രാജ്യങ്ങളിൽ ഈ ദിനം കാര്യമാത്ര പ്രസക്തമാകുന്നത്.

ഏറ്റവുമധികം സമയം ഇന്റർനെറ്റിൽ ചിലവാക്കുന്ന കുട്ടികളെ ലക്ഷ്യമിടുന്ന നിരവധി അപകടങ്ങൾ പതിയിരിക്കുന്നൊരു ലോകം കൂടിയാണ് കംപ്യൂട്ടറുകളും മൊബൈലുകളും. വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്ന മാൽവേറുകൾ ഉള്ള ഗെയിമുകൾ, ഓൺലൈൻ കോമിക്കുകൾ തുടങ്ങി വീട്ടിലെ മറ്റു മുതിർന്നവരുടെ ബാങ്ക് വിവരങ്ങൾ ഇന്റർനെറ്റിലൂടെ ചോർത്താൻ കഴിയുന്ന തരം വൈറസുകൾ  വരെ തങ്ങളറിയാതെ ചോരുന്നുണ്ടെന്നു കുട്ടികൾ അറിയുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം ഓൺലൈൻ ചതികളെക്കുറിച്ചുള്ള ബോധവൽക്കരണം അത്യന്താപേക്ഷിതമാണ്. ഇന്റർനെറ്റിലൂടെ നമുക്ക് ലഭ്യമായ അനന്ത സാദ്ധ്യതകൾ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കുവാനും  അത് യുവജനങ്ങളിലേക്കെത്തിക്കുവാനും ഈ ദിനം സഹായകരമാവട്ടെ.

Be the first to comment

Leave a Reply

Your email address will not be published.


*