ആശങ്ക വർധിപ്പിച്ച് ബോയിംഗ് വിമാനങ്ങളുടെ സുരക്ഷാ പിഴവുകൾ

കാലിഫോർണിയ: യാത്രക്കാരുടെ സുരക്ഷയേക്കുറിച്ച് ആശങ്ക വർധിപ്പിച്ച് ബോയിംഗ് വിമാനങ്ങളുടെ സുരക്ഷാ പിഴവുകൾ.  ജനുവരി മാസത്തിൽ ആകാശ മധ്യത്തിൽ വാതിൽ തെറിച്ച് പോയതിന് പിന്നാലെ നിരവധി സംഭവങ്ങളാണ് ബോയിംഗ് വിമാനക്കമ്പനിക്ക് നാണക്കേടുണ്ടാക്കിയത്. നേരത്തെ ആകാശമധ്യത്തിൽ വാതിൽ തെറിച്ച് പോയ ബോയിംഗ് വിമാനത്തിൻ്റെ അതേ വിഭാഗത്തിലുള്ള വിമാനത്തിനാണ് കഴിഞ്ഞ ദിവസവും സാങ്കേതിക തകരാറുണ്ടായത്. സൗത്ത് വെസ്റ്റ് എയർലൈൻ ഉപയോഗിച്ചിരുന്ന ബോയിംഗ് 737-500 വിമാനത്തിൻ്റെ എഞ്ചിൻ കവറാണ് ആകാശ മധ്യത്തിൽ വച്ച് ഇളകിത്തെറിച്ചത്. ബോയിംഗ് വിമാനങ്ങളുടെ മാക്സ് മോഡൽ വിമാനങ്ങളുടെ ആദ്യ മോഡലുകളിലൊന്നാണ് 737 വിമാനങ്ങൾ. 

വാതിൽ ഇളകി തെറിച്ചതിന് പിന്നാലെ 200 ബോയിംഗ് 737 മാക്സ് 9 വിമാനങ്ങളാണ് സുരക്ഷാ അതോറിറ്റി സർവ്വീസ് നിർത്തി വച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2018, 2019 വർഷങ്ങളിലുണ്ടായ വിമാന അപകടങ്ങളിൽ ബോയിംഗ് വിമാനങ്ങളിലെ 346 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ഈ അപകടങ്ങൾക്ക് പിന്നാലെ മുഖം മിനുക്കാനുള്ള നിരവധി ശ്രമങ്ങൾ ബോയിംഗിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും ഒന്നും തന്നെ കമ്പനിയെ സഹായിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെയുണ്ടായ സംഭവങ്ങളിൽ ഏറെയും. സുരക്ഷാ മാനദണ്ഡങ്ങളെ മുൻനിർത്തി 737 മാക്സ് വിമാനങ്ങളെ സർവ്വീസിൽ നിന്ന് പിൻവലിച്ച നടപടിയും ബോയിംഗിനെ സഹായിച്ചിരുന്നില്ല. ഏറ്റവും ഒടുവിലെ സംഭവത്തിൽ 10300 അടി ഉയരത്തിൽ സർവ്വീസ് നടത്തുന്നതിനിടെയാണ് ബോയിംഗ് വിമാനത്തിൻ്റെ എൻജിൻ ഷീറ്റ് ഇളകി തെറിച്ചത്. 135യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. 

അടുത്തിടെയാണ് 32 വർഷത്തോളം ബോയിംഗിൽ ജോലി ചെയ്തിരുന്ന ജോൺ ബാർനെറ്റ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിമാന നിർമ്മാണത്തിലെ പിഴവുകൾ ബോയിംഗ് വിമാന കമ്പനി അവഗണിച്ചുവെന്ന അതി ഗുരുതരമായ ആരോപണം ഉന്നയിച്ച ജീവനക്കാരനായിരുന്നു ജോൺ. ബോയിംഗ് കമ്പനിക്കെതിരെ ജോൺ നേരത്തെ ഒരു കേസിൽ തെളിവും നൽകിയിരുന്നു. 2010 മുതൽ  ബോയിംഗിന്‍റെ ചാൾസ്റ്റൺ പ്ലാന്‍റിൽ ക്വാളിറ്റി മാനേജരായിരുന്നു ജോൺ. ബോയിംഗ് അത്യാധുനിക വിമാനമായ ഡ്രീം ലൈനർ നിർമ്മിക്കുന്ന പ്ലാന്റിലായിരുന്നു ജോൺ ജോലി ചെയ്തിരുന്നത്. ജോണിൻ്റെ മരണത്തിലും ബോയിംഗ് പഴി കേട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*