മത്സരിക്കുന്നതില്‍ വധ ഭീഷണിയെന്ന് കാസര്‍കോട്ടെ അപര സ്ഥാനാർത്ഥി

കാസർകോഡ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്ക് സിപിഎം നേതാക്കളിൽ നിന്നും വധ ഭീഷണിയുണ്ടെന്ന് കാസര്‍കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ്റെ അപര സ്ഥാനാർത്ഥി എന്‍. ബാലകൃഷ്ണന്‍. ‘ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്‍റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും’ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന് ബാലകൃഷ്ണന്‍ വിശദീകരിച്ചു. കള്ളനെന്ന് വിളിച്ച് പരസ്യമായി അപമാനിച്ചു. നീലേശ്വരം വള്ളിക്കുന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്‍, മുന്‍ ബ്രാഞ്ച് സെക്രട്ടറി സതീശന്‍ എന്നിവരാണ് വധഭീഷണി മുഴക്കിയതെന്നും ബാലകൃഷ്ണന്‍ വിശദീകരിച്ചു. 

1977 മുതൽ 2024 വരെ ഞാൻ കമ്യൂണിസ്റ്റായിരുന്നു. പാർട്ടിയെ അമ്മയെ പോലെയായിരുന്നു കരുതിയത്. 1988 മുതൽ സിപിഎമ്മിന് ഉളളിലെ അഴിമതിക്കെതിരെ പോരാടുന്ന ആളാണ് ഞാൻ. ഒരു പാർട്ടി നേതാവിൻ്റെ മകൻ്റെ പേരിലുളള മോഷണ കേസുമായി ബന്ധപ്പെട്ട് ശബ്ദമുയർത്തിയതിൻ്റെ പേരിൽ എന്നെ 6 മാസത്തേക്ക് അന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്കുളളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥിത്വം. നോമിനേഷൻ കൊടുത്ത ശേഷം പിൻവലിക്കാൻ വലിയ സമ്മർദ്ദമാണ് സഖാക്കളിൽ നിന്നുണ്ടായത്.

നീലേശ്വരത്താണ് ഞാൻ താമസിക്കുന്നത്. അവിടെ വെച്ചാണ് പാർട്ടി പ്രാദേശിക നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടായത്. നോമിനേഷന്‍ പിന്‍വലിക്കാന്‍ സഖാക്കളുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും സിപിഎമ്മിൻ്റെ മുന്‍ നേതാവായിരുന്ന ബാലകൃഷ്ണന്‍  പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*