ആവേശം ടീമിന്റെ ‘പൈങ്കിളി’ ; ട്രെയ്‌ലർ പുറത്ത്

ബ്ലോക്ക്ബസ്റ്റർ ചിത്രം ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവൻ എഴുതി, ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളിയുടെ ട്രെയ്‌ലർ പുറത്ത്. റൊമാൻറ്റിക്ക് കോമഡി സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആവേശത്തിലെ അമ്പാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സജിൻ ഗോപുവാണ് നായകനാകുന്നത്

ഫഹദ് ഫാസിലും, ജിത്തു മാധവനും ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, അർബൻ ആനിമൽ എന്നീ പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനശ്വര രാജൻ ആണ് നായികയാകുന്നത്. ജസ്റ്റിൻ വർഗീസ് ഈണമിട്ടിരിക്കുന്ന പൈങ്കിളിയിലെ ഗാനങ്ങൾക്ക് വരികളെഴുതിയത് വിനായക് ശശികുമാർ ആണ്.

ചിത്രത്തിലെ, കഴിഞ്ഞ ദിവസം റീലിസ് ചെയ്ത റാപ്പർ ഫെജോ പാടിയ ‘ഹാർട്ട് അറ്റാക്ക്’ എന്ന ഗാനം ഇതിനോടകം 13 ലക്ഷം പേരാണ് യൂട്യൂബിൽ കണ്ടിരിക്കുന്നത്. സജിൻ ഗോപുവിനെയും, അനശ്വരയെയും കൂടാതെ, ആവേശം ഫെയിം റോഷൻ ഷാനവാസ്, ചന്ദു സലിം കുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിയമ വ്യവസ്ഥയിൽ നിന്ന് രക്ഷപെടാൻ ഭ്രാന്ത് അഭിനയിക്കുന്ന ഒരു യുവാവ് പ്രണയത്തിൽ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഫെബ്രുവരി 14, വാലന്റൈൻസ് ഡേയ്ക്ക് റിലീസ് ചെയ്യാനിരിക്കുന്ന പൈങ്കിളിയുടെ ഛായാഗ്രഹണം അർജുൻ സേതുവും, എഡിറ്റിങ് കിരൺ ദാസും ആണ് കൈകാര്യം ചെയ്യുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*